തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിൽ ശനിയാഴ്ചയുണ്ടായ കനത്ത മഴയെയും മിന്നൽ പ്രളയത്തെയും തുടർന്ന് ഗോൾഡ് കോസ്റ്റിൽ നിരവധി പേരെ രക്ഷപ്പെടുത്തി. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ വരെ മഴ പെയ്തതോടെ റോഡുകൾ വെള്ളത്തിനടിയിലാവുകയും നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തു. ബ്രിസ്ബെയ്ൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ചയും കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയതോടെ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.
ഹെലൻസ്വെയിലിൽ കാർ വെള്ളത്തിൽ കുടുങ്ങി
ഗോൾഡ് കോസ്റ്റിന്റെ വടക്കൻ മേഖലയായ ഹെലൻസ്വെയിലിൽ കാർ ഓടിച്ചുപോയ ഒരു സ്ത്രീയുടെ വാഹനം നിമിഷങ്ങൾക്കുള്ളിൽ പ്രളയജലത്തിൽ കുടുങ്ങി. സമീപത്തുണ്ടായിരുന്ന പ്രദേശവാസികൾ ഇടപെട്ടാണ് ഇവരെ കാറിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്. ശനിയാഴ്ച വൈകുന്നേരം സർഫേഴ്സ് പാരഡൈസിലെ മെയിൻ ബീച്ചിൽ വെള്ളത്തിൽ അപകടത്തിൽപ്പെട്ട രണ്ട് കൗമാരക്കാരെയും പൊലീസ് രക്ഷപ്പെടുത്തി. പൊലീസ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ കുട്ടികളെ കണ്ടെത്തിയശേഷം ഉദ്യോഗസ്ഥർ വെള്ളത്തിലിറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവർക്കും പരിക്കുകളില്ല.
ഞായറാഴ്ചയും ഇടിമിന്നലിനും മഴയ്ക്കും സാധ്യത
കനത്ത മഴയെ തുടർന്ന് നൂറുകണക്കിന് വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഞായറാഴ്ച ബ്രിസ്ബെയ്നിലും ഗോൾഡ് കോസ്റ്റിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ലോവർ ബ്രിസ്ബെയ്ൻ നദി, ലോഗൻ, ആൽബർട്ട് നദികൾ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് തുടരുകയാണ്. ന്യൂ സൗത്ത് വെയിൽസ് അതിർത്തി മുതൽ സൺഷൈൻ കോസ്റ്റ് വരെയുള്ള ക്വീൻസ്ലാൻഡ് തീരപ്രദേശങ്ങളിലും കനത്ത മഴയുടെ ആഘാതമുണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രളയജലത്തിലൂടെ വാഹനമോടിക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കാമെന്നും അധികൃതർ ഓർമിപ്പിച്ചു.