ക്വീൻസ്ലാൻഡിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്വീൻസ്ലാൻഡ് പൊലീസ് സർവീസ് (QPS) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ശനിയാഴ്ച വൈകിട്ട് 5.10ഓടെ കെയിൻസിന് സമീപമുള്ള മൗണ്ട് ഷെറിഡനിലെ ബെൻജമിന സ്ട്രീറ്റിൽ ആയുധധാരിയായ ഒരാൾ കവർച്ചയ്ക്ക് ശ്രമിച്ചുവെന്ന വിവരത്തെ തുടർന്ന് പൊലീസിനെ അടിയന്തര കോൾ വരികയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി കാൽനടയായി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഫോസ്റ്റർ റോഡിലെ റൗണ്ടബൗട്ടിന് സമീപം 28-കാരനായ സംശയാസ്പദനെ പൊലീസ് കണ്ടെത്തി. ഇയാളുമായി സംസാരിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിനിടെ സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഇരുവർക്കും പൊലീസ് ഉദ്യോഗസ്ഥർ ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി കെയിൻസ് ബേസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടില്ലെന്ന് ക്വീൻസ്ലാൻഡ് പൊലീസ് അറിയിച്ചു. വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് കണ്ടെത്താൻ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.