സംഭവത്തിൽ 67കാരിയായ ഡോ. റോബിൻ മേരി ജെയിംസിനെതിരെ മാനവധക്കുറ്റം ചുമത്തിയിട്ടുണ്ട്.  (AAP Image/Darren England)
Queensland

വീട്ടിലെ പ്രസവത്തിനിടെ അമ്മ മരിച്ചു; ഡോക്ടർക്കെതിരായ അടിയന്തര കോൾ കോടതിയിൽ

41കാരിയായ വിക്കി ബട്ട്‌ലർ 2017 ഡിസംബർ 27ന് ബ്രിസ്‌ബെയ്‌നിന് പടിഞ്ഞാറുള്ള ഇപ്‌സ്‌വിച്ചിലെ വീട്ടിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് മരിച്ചത്.

Safvana Jouhar

ബ്രിസ്‌ബെയ്ൻ സുപ്രീം കോടതിയിൽ, വീട്ടിലെ പ്രസവത്തിനിടെ ഗുരുതരാവസ്ഥയിലായ അമ്മയ്ക്ക് CPR നൽകാൻ ഡോക്ടർക്ക് ട്രിപ്പിൾ സീറോ ഓപ്പറേറ്ററിൽ നിന്ന് നിർദേശങ്ങൾ ലഭിച്ച അടിയന്തര ഫോൺ സംഭാഷണം ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. 41കാരിയായ വിക്കി ബട്ട്‌ലർ 2017 ഡിസംബർ 27ന് ബ്രിസ്‌ബെയ്‌നിന് പടിഞ്ഞാറുള്ള ഇപ്‌സ്‌വിച്ചിലെ വീട്ടിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് മരിച്ചത്. സംഭവത്തിൽ 67കാരിയായ ഡോ. റോബിൻ മേരി ജെയിംസിനെതിരെ മാനവധക്കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം നിഷേധിച്ച ജെയിംസ് വിചാരണ നേരിടുകയാണ്. പ്രസവത്തിന് ശേഷം ഉണ്ടായ പ്രസവാനന്തര അമിത രക്തസ്രാവമാണ് ബട്ട്‌ലറുടെ മരണത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെ ഡോക്ടർ വീട്ടിലെത്തിയെങ്കിലും ഒരു മണിക്കൂറും 40 മിനിറ്റും കഴിഞ്ഞ് രാവിലെ 6.42നാണ് ആംബുലൻസ് വിളിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

ചൊവ്വാഴ്ച വിചാരണയുടെ ആദ്യദിനത്തിലാണ് ജെയിംസ് നടത്തിയ ട്രിപ്പിൾ സീറോ കോൾ കോടതിയിൽ കേൾപ്പിച്ചത്. ഫോൺ സംഭാഷണത്തിനിടെ ബട്ട്‌ലർ ബോധരഹിതയായതിനെ തുടർന്ന് അവരെ ഉണർത്താൻ ജെയിംസ് പലതവണ വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. ബട്ട്‌ലർ ശ്വസിക്കുന്നുണ്ടോയെന്ന് ഓപ്പറേറ്റർ ചോദിച്ചപ്പോൾ “എനിക്കറിയില്ല” എന്നായിരുന്നു ജെയിംസിന്റെ മറുപടി. തുടർന്ന് CPR എങ്ങനെ ചെയ്യണമെന്ന് ഓപ്പറേറ്റർ ജെയിംസിന് വിശദമായ നിർദേശങ്ങൾ നൽകി. ബട്ട്‌ലർ പുലർച്ചെ മൂന്നുമണിയോടെ ജെയിംസിനെ വിളിച്ച് പ്രസവവേദന ആരംഭിച്ചതായും എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നതായും അറിയിച്ചിരുന്നതായി കോടതിയെ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ജെയിംസ് വീട്ടിലെത്തിയപ്പോൾ അമ്മയും കുഞ്ഞും ആരോഗ്യനിലയിൽ കുഴപ്പമില്ലാത്തതുപോലെ തോന്നിയെങ്കിലും പിന്നീട് ബട്ട്‌ലറുടെ നില വഷളായി.

ജെയിംസ് വീട്ടിലെത്തുമ്പോൾ സ്റ്റെതസ്കോപ്പും രക്തസമ്മർദം അളക്കാനുള്ള ഉപകരണവും ഉൾപ്പെടുന്ന ഡോക്ടറുടെ ബാഗ് കൈവശമുണ്ടായിരുന്നില്ലെന്ന് കോടതിയിൽ പറഞ്ഞു. “അവരുടെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല,” ക്രൗൺ പ്രോസിക്യൂട്ടർ ഗ്രെഗ് കമ്മിംഗ്സ് ജൂറിക്ക് മുന്നിൽ പറഞ്ഞു. ആംബുലൻസ് വിളിച്ചപ്പോൾ ആശുപത്രിയിലേക്ക് പോകാൻ താൽപര്യമില്ലെന്ന് ബട്ട്‌ലർ പറഞ്ഞതായും കോടതിയെ അറിയിച്ചു. രാവിലെ 6.50ന് പാരാമെഡിക്കുകൾ എത്തിയപ്പോൾ ബട്ട്‌ലർ കുളിമുറിയിലെ ബാത്ത്‌ടബിൽ കിടക്കുകയായിരുന്നു. ശരീരത്തിൽ തണുത്ത വിയർപ്പുണ്ടായിരുന്ന അവൾ ശ്വസിച്ചിരുന്നില്ലെന്നും നേരിയ നാഡിമിടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പാരാമെഡിക് ഇവാന വിഡ്‌ലർ മൊഴി നൽകി.

ബട്ട്‌ലറുടെ ശരീരത്തിൽ നിന്നുള്ള രക്തം ഒഴുകുന്ന വെള്ളത്തോടൊപ്പം ഡ്രെയിനിലേക്ക് പോകുകയായിരുന്നുവെന്നും തുടർന്ന് രക്ഷാപ്രവർത്തകർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നും കോടതിയെ അറിയിച്ചു. തുടർന്ന് ഇപ്‌സ്‌വിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച ബട്ട്‌ലറിന് 23 യൂണിറ്റ് രക്തം നൽകി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിട്ട് 6.15ന് മരണം സ്ഥിരീകരിച്ചു. പ്രസവാനന്തര അമിത രക്തസ്രാവത്തിന് ബട്ട്‌ലർ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തിയായിരുന്നുവെന്നും പ്രായവും മുമ്പത്തെ പ്രസവങ്ങളുടെ എണ്ണവും ഇതിന് കാരണമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അടിയന്തര ചികിത്സ തേടുന്നതിൽ കാലതാമസം വരുത്തിയതിലൂടെ ജെയിംസ് ഗുരുതരമായ അശ്രദ്ധ കാട്ടിയെന്നും പ്രസവാനന്തര രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിന്റെ ജീവൻ അപകടപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. എന്നാൽ സംഭവങ്ങളെ പിന്നീട് ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ ക്രെയ്ഗ് എബർഹാർട്ട് കെ.സി. ജൂറിമാരോട് ആവശ്യപ്പെട്ടു. “പിന്നീട് ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ ആദർശവൽക്കരിക്കുന്നത് എളുപ്പമാണ്,” അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് എലിസബത്ത് വാട്‌സന്റെ അധ്യക്ഷതയിൽ വിചാരണ തുടരുകയാണ്.

SCROLL FOR NEXT