സൺഷൈൻ കോസ്റ്റിൽ നടന്ന ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട പരിക്കേറ്റ ജാസ്മിൻ  (Supplied)
Queensland

ക്വീൻസ്‌ലാൻഡിലെ പുതിയ ഇ-ബൈക്ക്, ഇ-സ്കൂട്ടർ നിയമങ്ങൾക്കെതിരെ വിമർശനം

പുതിയ നിയമപ്രകാരം, 12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഇ-മൊബിലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കാം.

Safvana Jouhar

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും മൂലമുള്ള അപകടങ്ങൾ വർധിക്കുന്നതിനിടെ സർക്കാർ പ്രഖ്യാപിച്ച പുതിയ ഇ-മൊബിലിറ്റി നിയമങ്ങൾ "വളരെ കുറവും വളരെ വൈകിയതുമാണ്" എന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയുടെ പിതാവ് വിമർശിച്ചു. 2025 ജനുവരിയിൽ സൺഷൈൻ കോസ്റ്റിൽ നടന്ന ഭീകര ഇ-സ്കൂട്ടർ അപകടത്തിൽ ഗാരി ഫ്‌ളവേഴ്‌സിന്റെ മകൾ ജാസ്മിൻ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ ജാസ്മിന് തലയോട്ടി പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം സംഭവിക്കുകയും ചെയ്തു.

ക്വീൻസ്‌ലാൻഡിൽ 2025-ൽ മാത്രം ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും ബന്ധപ്പെട്ട അപകടങ്ങളിൽ 2,000 പേർക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്കുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യം 16 വയസ്സിന് താഴെയുള്ളവർക്ക് ഇ-ബൈക്കും ഇ-സ്കൂട്ടറും ഉപയോഗിക്കുന്നത് നിരോധിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ പിന്നീട് പാസാക്കിയ നിയമപ്രകാരം, 12 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഇ-മൊബിലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കാം.

ഈ മാറ്റത്തെ ഗാരി ഫ്‌ളവേഴ്‌സ് ശക്തമായി വിമർശിച്ചു. "സർക്കാർ നിലപാട് മാറ്റിയിരിക്കുകയാണ്. മാതാപിതാക്കൾ 24 മണിക്കൂറും കുട്ടികളെ നിരീക്ഷിക്കുമെന്ന് അവർ കരുതുന്നുണ്ടോ? അത് ഒരിക്കലും സാധ്യമല്ല. ഇന്നത്തെ കൗമാരക്കാർ വളരെ ചതുരരും കാര്യങ്ങൾ മറച്ചുവെക്കുന്നതിൽ കഴിവുള്ളവരുമാണ്," എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, 16 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായി ഇ-ബൈക്കുകളോ ഇ-സ്കൂട്ടറുകളോ ഉപയോഗിച്ചാൽ മാതാപിതാക്കളെയും ഉത്തരവാദികളാക്കുന്ന നിയമവും സർക്കാർ പാസാക്കിയിട്ടുണ്ട്.

എന്നാൽ, ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ചെറുപ്പക്കാരിൽ നിന്ന് അകറ്റി നിർത്തണമെന്നാണ് ഫ്‌ളവേഴ്‌സിന്റെ ആവശ്യം. "ഒരു അപകടം സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ ബാധിക്കാം. ഗുരുതര അപകടങ്ങൾ മൂലം ഉണ്ടാകുന്ന വൈകല്യങ്ങൾ എന്തൊക്കെയാണെന്ന് ഞങ്ങളുടെ കുടുംബത്തിന് നേരിട്ടുള്ള അനുഭവമുണ്ട്," അദ്ദേഹം പറഞ്ഞു.

അതേസമയം, അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമാണ് പുതിയ നിയമങ്ങളെന്ന് ക്വീൻസ്‌ലാൻഡ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിലെ നടപടികൾ അപകടങ്ങളുടെ വർധന തടയാൻ മതിയാകുമോയെന്ന ആശങ്ക തുടരുകയാണ്.

SCROLL FOR NEXT