ക്വീൻസ്ലാൻഡിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഷാർൽവിൽ (Charleville) പട്ടണത്തിൽ മണിക്കൂറുകൾ നീണ്ട പൊലീസ് ഓപറേഷന് ശേഷം ഒരു വീട്ടിൽ 45-കാരനായ പുരുഷനെയും 23-കാരിയായ ഗർഭിണിയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ആക്രമണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കിംഗ് സ്ട്രീറ്റിലെ വസതിയിലേക്ക് അടിയന്തരസേവന വിഭാഗങ്ങൾ എത്തുകയായിരുന്നു. തുടർന്ന് വൈകിട്ട് 5.59 മുതൽ സമീപ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളോട് വീടുകൾക്കുള്ളിൽ തുടരാനും പ്രദേശം ഒഴിവാക്കാനും പൊലീസ് നിർദേശം നൽകി.
ഏകദേശം എട്ട് മണിക്കൂർ നീണ്ട സംഭവവികാസങ്ങൾക്ക് ശേഷം പുലർച്ചെ 1.42-ഓടെ ലോക്ക്ഡൗൺ പിൻവലിച്ചു. തുടർന്ന് രാവിലെ 6.30-ഓടെ, പ്രത്യേക പരിശീലനം നേടിയ പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചപ്പോഴാണ് 45-കാരനും 23-കാരിയായ ഗർഭിണിയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസുകാർക്കോ പൊതുജനങ്ങൾക്കോ പരിക്കേറ്റിട്ടില്ല. വീട്ടിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിക്ക് പരിക്കുകളൊന്നുമില്ല എന്ന് സതേൺ റീജിയൻ അസിസ്റ്റന്റ് കമ്മിഷണർ മാത്യു വാൻഡർബൈൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കുഞ്ഞ് സുരക്ഷിതമായി മറ്റൊരാളുടെ സംരക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. സംഭവം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണോ എന്ന ചോദ്യത്തിന് പൊലീസ് വ്യക്തമായ മറുപടി നൽകിയില്ല. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് ആദ്യം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ ഭീഷണിസാഹചര്യം നേരിട്ടതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും പിന്നീട് പ്രത്യേക ചർച്ചാ സംഘത്തെ (Negotiators) വിന്യസിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ Ethical Standards Command അന്വേഷണം നടത്തും. മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊറോണറിന് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മർവെ ഷയർ കൗൺസിൽ മേയർ ഷോൺ റാഡ്നെഡ്ജ് ഇത് ഷാർൽവിൽ സമൂഹത്തിന് അതീവ ദുഃഖകരമായ ദിവസമാണെന്ന് പ്രതികരിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ മാനസികമായി ബുദ്ധിമുട്ടുന്നവർ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ അനുബന്ധ സഹായ സേവനങ്ങളുടെയോ പിന്തുണ തേടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.