ടൗൺസ്‌വില്ലെ മേയർ ട്രോയ് തോംസൺ,  ഫോട്ടോ: ഗൂഗിൾ
Queensland

സസ്‌പെൻഡ് ചെയ്യപ്പെട്ട ടൗൺസ്‌വില്ലെ മേയർ ട്രോയ് തോംസൺ രാജിവച്ചു

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ടൗൺസ്‌വില്ലെ മേയർ ട്രോയ് തോംസൺ വ്യക്തമാക്കി.

Safvana Jouhar

സംസ്ഥാന കുറ്റകൃത്യ-അഴിമതി കമ്മീഷന്റെ അന്വേഷണത്തിനിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട ക്വീൻസ്‌ലാൻഡ് മേയർ ട്രോയ് തോംസൺ തന്റെ സ്ഥാനം രാജിവച്ചു. എന്നാൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ടൗൺസ്‌വില്ലെ മേയർ ട്രോയ് തോംസൺ വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ ക്വീൻസ്‌ലാൻഡ് സർക്കാർ മേയറെ സസ്‌പെൻഡ് ചെയ്‌തെങ്കിലും മുഴുവൻ ശമ്പളവും തുടർന്നും ലഭിച്ചിരുന്നു. എന്നാൽ തോംസൺ ടൗൺസ്‌വില്ലെ സിറ്റി കൗൺസിലിൽ നിന്ന് ഔദ്യോഗികമായി വെള്ളിയാഴ്ചയാണ് രാജിവച്ചത്.

കഴിഞ്ഞ വർഷം മാർച്ചിൽ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 കാരനായ അദ്ദേഹം, സൈനിക നഗരത്തിലെ വോട്ടർമാരെ ആകർഷിക്കാൻ തന്റെ സൈനിക സേവന ചരിത്രവും സർവകലാശാലാ യോഗ്യതകളും പെരുപ്പിച്ചു കാണിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. നീണ്ട വിവാദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി. കുറ്റകൃത്യ, അഴിമതി കമ്മീഷന്റെ അന്വേഷണത്തെക്കുറിച്ച് ഇടക്കാല വിശദീകരണം ലഭിച്ചതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ മന്ത്രി ആൻ ലീഹി കഴിഞ്ഞ ആഴ്ച മുൻ വൺ നേഷൻ പാർട്ടി അംഗത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മേയർ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കാൻ തോംസണിന് 14 ദിവസത്തെ സമയം നോട്ടീസിൽ നൽകിയിരുന്നു. എന്നാൽ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് അദ്ദേഹത്തിൻ്റെ രാജി. ഈ രാജി തെറ്റ് സമ്മതിച്ചുകൊണ്ടുള്ളതല്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT