ഗർഭാവസ്ഥയിൽ സിഫിലിസ് ബാധിച്ചു Aditya Romansa/ Unsplash
Queensland

ഗർഭാവസ്ഥയിൽ സിഫിലിസ് ബാധിച്ചു; ക്വീൻസ്‌ലൻഡിൽ മൂന്ന് വർഷത്തിനിടെ ആറ് നവജാതശിശുക്കൾ മരിച്ചു

ഗർഭകാലത്ത് മൂന്ന് തവണ ലളിതമായ രക്തപരിശോധന നടത്തുന്നതിലൂടെ രോഗം നേരത്തെ കണ്ടെത്താനും പെൻസിലിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ വഴി കുഞ്ഞിലേക്ക് പകരുന്നത് തടയാനും സാധിക്കും.

Elizabath Joseph

ബ്രിസ്‌ബെയ്ൻ: അമ്മയിൽ നിന്ന് ഗർഭാവസ്ഥയിൽ സിഫിലിസ് ബാക്ടീരിയ ബാധിച്ചതിനെത്തുടർന്ന് (Congenital syphilis) ക്വീൻസ്‌ലൻഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് നവജാതശിശുക്കൾ മരിച്ചതായി ക്വീൻസ്‌ലൻഡ് ഹെൽത്ത് റിപ്പോർട്ട്. ഈ വർഷം മാത്രം 55 ഗർഭിണികൾക്ക് രോഗം സ്ഥിരീകരിക്കുകയും ആറ് കുഞ്ഞുങ്ങൾക്ക് ജന്മനാ അണുബാധ ഉണ്ടാവുകയും ചെയ്തു. പ്രതിരോധിക്കാൻ കഴിയുന്ന ഈ ബാക്ടീരിയ ബാധ മൂലം 2026-ൽ ഒരു കുഞ്ഞും, 2025-ൽ മൂന്നും, 2024-ൽ രണ്ടും കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്.

നവജാതശിശുക്കളുടെ മരണത്തിനും ഗർഭസ്ഥശിശുക്കളുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോക്ടർ കാൻഡിസ് ഹോളണ്ട് വ്യക്തമാക്കി. രോഗബാധ അതിജീവിക്കുന്ന കുഞ്ഞുങ്ങൾക്ക് അന്ധത, ബധിരത, വളർച്ചാ മുരടിപ്പ്, ആന്തരികാവയവ തകരാറുകൾ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ആജീവനാന്തം നേരിടേണ്ടി വരും. ഗർഭകാലത്ത് മൂന്ന് തവണ ലളിതമായ രക്തപരിശോധന നടത്തുന്നതിലൂടെ രോഗം നേരത്തെ കണ്ടെത്താനും പെൻസിലിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ വഴി കുഞ്ഞിലേക്ക് പകരുന്നത് തടയാനും സാധിക്കും. എന്നാൽ വേദനയില്ലാത്ത ലക്ഷണങ്ങളായതിനാൽ പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. 2026-ൽ ഇതുവരെ ക്വീൻസ്‌ലൻഡിൽ 1,126 സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജന്മനാ രോഗബാധയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 65 ശതമാനവും ഫസ്റ്റ് നേഷൻസ് (തദ്ദേശീയ ജനവിഭാഗങ്ങൾ) വിഭാഗത്തിൽപ്പെട്ടവരാണെന്നതും സ്ഥിതിയുടെ തീവ്രത വ്യക്തമാക്കുന്നു.

SCROLL FOR NEXT