ക്വീൻസ്ലൻഡിൽ നടക്കുന്ന പ്രശസ്തമായ നോസ ട്രയാത്ത്ലണിൽ സ്രാവുകളെ കണ്ടതിനെത്തുടർന്ന് നീന്തൽ മത്സരം അവസാന നിമിഷം റദ്ദാക്കി. മത്സരം ആരംഭിക്കാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഘാടകരുടെ തീരുമാനം. ഇതോടെ നീന്തൽ ഉൾപ്പെടെയുള്ള ട്രയാത്ത്ലൺ മത്സരം ഡ്യുവാത്ത്ലണായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ ഒളിമ്പിക് ദൂര ട്രയാത്ത്ലൺ മത്സരമായ നോസ ഇവന്റിൽ ഓരോ വർഷവും ഏകദേശം 8,500 കായികതാരങ്ങളും 20,000 കാണികളും പങ്കെടുക്കാറുണ്ട്. ശനിയാഴ്ച കടലിൽ സ്രാവുകളെ കണ്ടതിനെത്തുടർന്ന് നോസ മെയിൻ ബീച്ച് താൽക്കാലികമായി അടച്ചിരുന്നു.
സുരക്ഷ കണക്കിലെടുത്ത് നീന്തൽ ദൂരം ഏകദേശം ഒരു കിലോമീറ്ററായി കുറയ്ക്കാനായിരുന്നു ശനിയാഴ്ച രാത്രി സംഘാടകരുടെ തീരുമാനം. എന്നാൽ ഞായറാഴ്ച പുലർച്ചെ വെളിച്ചം വീണതോടെ വീണ്ടും സ്രാവിനെ കണ്ടു. മത്സരത്തിനിടെ ജെറ്റ് സ്കീസിലും സർഫ് ബോർഡുകളിലും നിരീക്ഷണം നടത്തേണ്ടിയിരുന്ന നോസ ഹെഡ്സ് സർഫ് ലൈഫ്സേവേഴ്സ് വെള്ളത്തിലിറങ്ങാൻ വിസമ്മതിച്ചതോടെയാണ് നീന്തൽ ഇനം പൂർണമായും ഒഴിവാക്കിയത്.
സാഹചര്യങ്ങൾ കണക്കിലെടുത്ത് കായികതാരങ്ങളെയും വെള്ളത്തിലിറക്കാനാകില്ലെന്ന് സംഘാടകർ തീരുമാനിച്ചതായി ഓപ്പറേഷൻസ് മേധാവി റെബേക്ക വാൻ പൂസ് പറഞ്ഞു. അവസാനമായി സ്രാവിനെ കണ്ടതിന് ശേഷം 60 മിനിറ്റ് ആരെയും വെള്ളത്തിലിറക്കരുതെന്നാണ് സർഫ് ലൈഫ്സേവിങ് വിഭാഗത്തിന്റെ സുരക്ഷാ പ്രോട്ടോക്കോൾ. രാവിലെ 6.15നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 43 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് നീന്തൽ ഇനം പൂർണമായും റദ്ദാക്കേണ്ടിവരുന്നതെന്ന് റെബേക്ക വ്യക്തമാക്കി. സുരക്ഷാ ഭീഷണികൾ നേരത്തേ തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ നിർണായകമാണെന്ന് സർഫ് ലൈഫ്സേവിങ് ക്വീൻസ്ലൻഡ് സുരക്ഷാ മേധാവി മാറ്റ് തോംപ്സണും പ്രതികരിച്ചു. നീന്തൽ ഇനത്തിന് പകരം അഞ്ച് കിലോമീറ്റർ ഓട്ടം ഉൾപ്പെടുത്തിയാണ് മത്സരം ഡ്യുവാത്ത്ലണാക്കിയത്. തുടർന്ന് 40 കിലോമീറ്റർ സൈക്ലിങ്ങും 10 കിലോമീറ്റർ ഓട്ടവും നടന്നു. കഴിഞ്ഞ വർഷത്തെ ജേതാവായ മാറ്റ് ഹൗസർ ഒരു മണിക്കൂർ 39 മിനിറ്റ് 34 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുരുഷ വിഭാഗത്തിൽ വീണ്ടും വിജയിച്ചു. വനിതാ വിഭാഗത്തിൽ നതാലി വാൻ കോവോർഡൻ രണ്ടാം സ്ഥാനത്തെത്തിയ റിഷെൽ ഹില്ലിനെ 15 സെക്കൻഡിന് പിന്നിലാക്കി ജേതാവായി.