ചൊവ്വാഴ്ച സാധാരണയായി 5 മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.  (Queensland Fire Department)
Queensland

ക്വീൻസ്‌ലൻഡിൽ സീസണിലെ ആദ്യ ശക്തമായ ഇടിമിന്നൽ; കാട്ടുതീയിലും ആശങ്ക

ഡാർലിങ് ഡൗൺസിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രിസ്ബെയ്‌നിലും ഗോൾഡ് കോസ്റ്റിലും ഉച്ചയ്ക്കുശേഷം വലിയ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.

Safvana Jouhar

ക്വീൻസ്‌ലൻഡിൽ ഈ വർഷത്തെ മഴക്കാലത്തെ ആദ്യ ശക്തമായ ഇടിമിന്നൽ ചൊവ്വാഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ മേഖലയിൽ പടരുന്ന കാട്ടുതീ ശമിപ്പിക്കാൻ ആവശ്യമായത്ര മഴ ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഡാർലിങ് ഡൗൺസിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രിസ്ബെയ്‌നിലും ഗോൾഡ് കോസ്റ്റിലും ഉച്ചയ്ക്കുശേഷം വലിയ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. വൈകുന്നേരത്തോടെ സൺഷൈൻ കോസ്റ്റ്, വൈഡ് ബേ–ബേർനെറ്റ് മേഖലകളിലേക്കും കാലാവസ്ഥ മോശമാകാം.

ഇടിമിന്നൽ അടുത്ത ദിവസങ്ങളിലും തുടരാനും വ്യാഴാഴ്ചയോടെ ടൗൺസ്‌വില്ലിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. “ഈ മഴക്കാലത്ത് കാണുന്ന ആദ്യത്തെ ശക്തമായ ഇടിമിന്നലാണിത്. എന്നാൽ ഇടിമിന്നൽ ഒറ്റപ്പെട്ടതായിരിക്കും. വ്യാപകമായോ അതിശക്തമായോ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,” ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ഷെയ്ൻ കെന്നഡി പറഞ്ഞു. ചൊവ്വാഴ്ച സാധാരണയായി 5 മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ലോക്ക്യർ വാലിയിലെ മർഫീസ് ക്രീക്കിന് സമീപം നിയന്ത്രണാതീതമായി തുടരുന്ന രണ്ട് കാട്ടുതീകളെ നേരിടുന്ന അഗ്നിശമന സേനയ്ക്ക് മഴ ആശ്വാസമാകുമെങ്കിലും ശക്തമായ കാറ്റ് തീ കൂടുതൽ പടരാൻ കാരണമാകുമെന്ന ആശങ്കയുണ്ട്. വരണ്ട ഇടിമിന്നൽ പുതിയ തീപിടിത്തങ്ങൾക്കും കാരണമാകാം.

കഴിഞ്ഞ ആഴ്ച മുതൽ നൂറോളം അഗ്നിശമനസേനാംഗങ്ങളാണ് പ്രദേശത്ത് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. രണ്ട് തീപിടിത്തങ്ങളും ഒന്നാകാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുവരെ ഏകദേശം 1,600 ഹെക്ടർ പ്രദേശം കത്തിനശിച്ചു. അടുത്ത 24 മണിക്കൂറിൽ നാല് വസ്തുവകകൾക്ക് തീ ഭീഷണിയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, വിക്ടോറിയയിലും ദക്ഷിണ ഓസ്‌ട്രേലിയയിലും ഒറ്റപ്പെട്ട മഴയ്ക്കും ടാസ്മാനിയയിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. ടാസ്മാനിയയിലെ ചില ഭാഗങ്ങളിൽ ചെറിയ ആലിപ്പഴത്തിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഗാസ്‌കോയിൻ മേഖലയിൽ മാത്രം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മറ്റ് പ്രദേശങ്ങളിൽ കാലാവസ്ഥ പൊതുവെ വരണ്ടതായിരിക്കും. നോർത്തേൺ ടെറിട്ടറിയിലും പൊതുവെ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും.

SCROLL FOR NEXT