Queensland

ഗാർഹിക പീഡനക്കേസ്; റിയാലിറ്റി ടിവി താരം സാം വുഡിന് ജാമ്യം നിഷേധിച്ചു

വ്യാഴാഴ്ച മാരൂച്ചിഡോർ മജിസ്‌ട്രേറ്റ് കോടതിയിൽ വീഡിയോ ലിങ്ക് വഴിയാണ് വുഡ് ഹാജരായത്. പ്രിസൺ വസ്ത്രം ധരിച്ചാണ് കോടതിയിൽ പ്രത്യക്ഷപ്പെട്ടത്.

Safvana Jouhar

ഗാർഹിക പീഡനക്കേസിൽ ഓസ്‌ട്രേലിയൻ റിയാലിറ്റി ടിവി താരവും ഫിറ്റ്നസ് സംരംഭകനുമായ സാം വുഡിന് ജാമ്യം നിഷേധിച്ചു. ആരോപണവിധേയയായ സ്ത്രീയെ തള്ളിയിടുകയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തെന്നാണ് കോടതിയിൽ പൊലീസ് ആരോപിച്ചത്. മെൽബൺ സ്വദേശിയായ 46കാരനായ വുഡിനെ ശനിയാഴ്ച ക്വീൻസ്‌ലൻഡിലെ നൂസയിലെ ഒരു വസതിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ഗാർഹിക പീഡന സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ശരീരത്തിന് പരിക്കേൽപ്പിക്കുന്ന തരത്തിലുള്ള ആക്രമണം, ഗാർഹിക സാഹചര്യത്തിൽ കഴുത്ത് ഞെരിക്കൽ എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തി.

വ്യാഴാഴ്ച മാരൂച്ചിഡോർ മജിസ്‌ട്രേറ്റ് കോടതിയിൽ വീഡിയോ ലിങ്ക് വഴിയാണ് വുഡ് ഹാജരായത്. പ്രിസൺ വസ്ത്രം ധരിച്ചാണ് കോടതിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂറിലേറെ നീണ്ട വാദം കേൾക്കുന്നതിനിടെ അദ്ദേഹം തലയും കൈകളും താഴ്ത്തിയ നിലയിലായിരുന്നു. അത്താഴം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് കോടതിയിൽ പറഞ്ഞത്. ആരോപണവിധേയയായ സ്ത്രീയെ ഒരു കൈകൊണ്ട് ഭിത്തിയിലേക്ക് തള്ളിയ ശേഷം നിലത്തേക്ക് വീഴ്ത്തുകയും തുടർന്ന് കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസനാളം തടസ്സപ്പെടുത്തുകയും ചെയ്തതായി മജിസ്‌ട്രേറ്റ് ജാനെൽ ബോഗീം പറഞ്ഞു. “തന്റെ ജീവൻ അവസാനിക്കുകയാണെന്ന് കരുതിയതായി” ആരോപണവിധേയയായ സ്ത്രീ പൊലീസിനോട് പറഞ്ഞതായി കോടതി രേഖപ്പെടുത്തി. കഴുത്ത് ഞെരിക്കൽ വളരെ ഗുരുതരമായ അക്രമരൂപമാണെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഭവത്തിനിടെ ശ്വാസം നിലച്ചതായും തല നിലത്ത് ഇടിച്ചതായും ശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സ്ത്രീ മൊഴി നൽകിയതായി പൊലീസ് കോടതിയെ അറിയിച്ചു. സംഭവത്തിനിടെ നടത്തിയ ട്രിപ്പിൾ സീറോ അടിയന്തര കോൾ റെക്കോർഡും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വുഡിന്റെ അഭിഭാഷകൻ മാത്യു കസ്കെല്ലി ആരോപണങ്ങളുടെ സ്വഭാവം ചോദ്യം ചെയ്തു. കഴുത്തിൽ പരിക്കേറ്റതിന്റെ ചിത്രങ്ങൾ ഇല്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, മാരകമല്ലാത്ത കഴുത്ത് ഞെരിക്കൽ സംഭവങ്ങളിൽ പലപ്പോഴും പുറമേ ദൃശ്യമായ പരിക്കുകൾ ഉണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. വുഡിന് മുൻപ് കുറ്റകൃത്യ ചരിത്രമില്ലെന്നും മെൽബണിലുള്ള പിതാവിനൊപ്പം താമസിച്ച് മാനസികാരോഗ്യ ചികിത്സ നേടാൻ അവസരം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഗുരുതര വിഷാദരോഗം അനുഭവിക്കുന്നതായി ഫോറൻസിക്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രൊഫസർ ഇയാൻ കോയിൽ വിലയിരുത്തിയതായും കോടതിയെ അറിയിച്ചു. എന്നാൽ, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ക്വീൻസ്‌ലൻഡിന് പുറത്തേക്ക് പോയാൽ സാമ്പത്തിക ശേഷിയും ഉയർന്ന പൊതുപ്രശസ്തിയും കാരണം വീണ്ടും കോടതിയിൽ ഹാജരാകാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് വാദിച്ചു. തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ബിസിനസ് പങ്കാളികളും പിന്മാറി

2015ൽ The Bachelor ഓസ്‌ട്രേലിയയുടെ മൂന്നാം സീസണിലൂടെ ശ്രദ്ധേയനായ സാം വുഡ് പിന്നീട് 28 By Sam Wood എന്ന ഹോം ഫിറ്റ്നസ് ബിസിനസ് ആരംഭിച്ചു. 2022ൽ ഏകദേശം 71 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന് ബിസിനസ് വിറ്റിരുന്നെങ്കിലും ബ്രാൻഡിന്റെ മുഖമായി തുടരുകയായിരുന്നു. ഗാർഹിക പീഡനക്കേസിന് പിന്നാലെ ബിസിനസിന്റെ ഉടമസ്ഥരായ DBG Health വുഡുമായുള്ള “എല്ലാ കരാറുകളും അവസാനിപ്പിച്ചതായി” അറിയിച്ചു. വുഡിന്റെ അഭാവത്തിൽ 28 Group ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാർക്ക് വാറ്റ്കിൻ ബിസിനസിന് നേതൃത്വം നൽകും. സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ വുഡിന്റെ കുടുംബം, അധികൃതരുമായി പൂർണമായി സഹകരിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രസ്താവനയിറക്കി.

- Reported with AAP

SCROLL FOR NEXT