ബ്രിസ്ബേൻ: ക്വീൻസ്‌ലാന്റിലെ ഗ്രാമീണ മേഖലകളിൽ ഉണ്ടാകുന്ന കാട്ടുതീ (Bushfire) അണയ്ക്കാൻ സ്വന്തം വാഹനങ്ങളും ഫാം ഉപകരണങ്ങളും ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് വോളന്റിയർ ഫയർഫയറ്റേഴ്സിനെ ആശങ്കയിലാഴ്ത്തി പുതിയ ഇൻഷുറൻസ് നയത്തിലെ മാറ്റങ്ങൾ. വോളന്റിയർമാരുടെ കൂട്ടായ്മയായ റൂറൽ ഫയർ ബ്രിഗേഡ് അസോസിയേഷൻ ഓഫ് ക്വീൻസ്‌ലാന്റ് (RFBAQ) ഈ പുതിയ നയം തങ്ങളുടെ ഇൻഷുറൻസ് ആനുകൂല്യങ്ങളെ വെട്ടിച്ചുരുക്കുന്നതാണെന്ന് ആരോപിക്കുമ്പോൾ, ക്വീൻസ്‌ലാന്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് (QFD) ഇത് വോളന്റിയർമാർക്ക് കൂടുതൽ ഗുണകരമായ മാറ്റമാണെന്നാണ് അവകാശപ്പെടുന്നത്.
വടക്കൻ ക്വീൻസ്‌ലാന്റിലെ ബ്ലൂംസ്ബറിയിൽ കഴിഞ്ഞ 20 വർഷമായി സ്വന്തം കൃഷിയിടത്തിലെ വണ്ടിയുമായി തീ അണയ്ക്കാൻ പോകുന്ന ഫ്രാങ്ക് ക്ലേട്ടനെ (Frank Clayton) പോലുള്ള കർഷകർ ഇപ്പോൾ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഔദ്യോഗിക ഫയർ എഞ്ചിനുകൾ ഇല്ലാത്ത, വോളന്റിയർമാർ മാത്രം നയിക്കുന്ന 'പ്രൈമറി പ്രൊഡ്യൂസർ ബ്രിഗേഡുകൾ' ആണ് റൂറൽ ഫയർ സർവീസിന്റെ 60 ശതമാനവും കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ സ്വന്തം യൂട്ടിലിറ്റി വണ്ടികളും (Ute) വാട്ടർ ടാങ്കുകളും ഗ്രേഡറുകളും ഉപയോഗിച്ച് തീ അണയ്ക്കാൻ ആദ്യമെത്തുന്നത് ഇവരാണ്. എന്നാൽ ഏപ്രിൽ മാസം പുറത്തിറക്കിയ "PR6160" എന്ന പുതിയ ഇൻഷുറൻസ് നയം പ്രകാരം, 2 ടണ്ണിൽ താഴെ ഭാരമുള്ളതും രജിസ്റ്റർ ചെയ്തതുമായ ലൈറ്റ് വാഹനങ്ങൾക്ക് മാത്രമാണ് നേരിട്ടുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
പുതിയ ഇൻഷുറൻസ് നയം അനുസരിച്ച് വാഹനം ഓടിക്കുന്നത് അതിന്റെ ഉടമസ്ഥനോ അല്ലെങ്കിൽ അടുത്ത ബന്ധുവോ ആയിരിക്കണം. കൂടാതെ കൺട്രോളറുടെ ഔദ്യോഗിക അനുമതിയോടെ ഫയർകോമിൽ (Firecom) ലോഗ് ചെയ്ത ശേഷം മാത്രമേ ഇൻഷുറൻസ് ലഭിക്കൂ. കാട്ടുതീ അണയ്ക്കുന്ന നീണ്ട മണിക്കൂറുകളിൽ തങ്ങളുടെ ജീവനക്കാരോ മറ്റ് വോളന്റിയർമാരോ വണ്ടി മാറി ഓടിച്ചാൽ ഇൻഷുറൻസ് കിട്ടില്ലെന്ന അവസ്ഥ വോളന്റിയർമാരെ പിന്നോട്ട് വലിക്കുമെന്ന് ഫ്രാങ്ക് ക്ലേട്ടൻ പറയുന്നു. 2 ടണ്ണിൽ കൂടുതൽ ഭാരമുള്ള ഗ്രേഡറുകൾ പോലുള്ള വലിയ മെഷീനുകൾക്ക് ഈ പുതിയ നയത്തിൽ പരിരക്ഷയില്ല.
എന്നാൽ, മുൻപുണ്ടായിരുന്ന 40,000 ഡോളറിന്റെ ഇൻഷുറൻസ് പരിരക്ഷ പുതിയ മാറ്റത്തോടെ 1,00,000 ഡോളറായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കർഷകർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഇത് നൽകുമെന്നും റൂറൽ ഫയർ സർവീസ് ചീഫ് ഓഫീസർ കെയ്‌ലിൻ ജോൺസ് വ്യക്തമാക്കി. വലിയ മെഷീനുകൾക്കായി മറ്റൊരു സർക്കാർ ഇൻഷുറൻസ് നയം ലഭ്യമാണെന്നും കുടിശ്ശികയോ തർക്കങ്ങളോ വന്നാൽ വകുപ്പ് തന്നെ അത് പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ശതമാനത്തോളം (3,485 പേർ) വോളന്റിയർമാർ സർവീസ് ഉപേക്ഷിച്ചു പോയ പശ്ചാത്തലത്തിൽ, ഇത്തരം കടുത്ത നിബന്ധനകൾ വോളന്റിയർമാരുടെ എണ്ണം ഇനിയും കുറയ്ക്കാൻ കാരണമാകുമെന്ന് വോളന്റിയറിങ് ക്വീൻസ്‌ലാന്റ് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ ഹെഡ്ജർ മുന്നറിയിപ്പ് നൽകി.