ABC News: Lucas Hill
Queensland

ക്വീൻസ്‌ലൻഡിൽ ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ വലയും, അറിയേണ്ടതെല്ലാം

സാധാരണ പ്രവൃത്തിദിവസങ്ങളിൽ ശനിയാഴ്ചകളിലെ ടൈംടേബിൾ അനുസരിച്ചായിരിക്കും ട്രെയിനുകൾ ഓടുക. ഏകദേശം 273 സർവീസുകളാണ് പ്രതിദിനം കുറയുന്നത്.

Elizabath Joseph

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിൽ ട്രെയിൻ യാത്രക്കാർക്ക് ഇന്ന് മുതൽ ദുരിതയാത്ര. പുതിയ ശമ്പള കരാറിനെച്ചൊല്ലി റെയിൽവേ യൂണിയനുകൾ നടത്തുന്ന സമരത്തെത്തുടർന്ന് നൂറുകണക്കിന് സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സാധാരണ പ്രവൃത്തിദിവസങ്ങളിൽ ശനിയാഴ്ചകളിലെ ടൈംടേബിൾ അനുസരിച്ചായിരിക്കും ട്രെയിനുകൾ ഓടുക. ഏകദേശം 273 സർവീസുകളാണ് പ്രതിദിനം കുറയുന്നത്.

തിരക്കുള്ള സമയങ്ങളിൽ (Peak Hours): ഗോൾഡ് കോസ്റ്റ്, ഇപ്‌സ്‌വിച്ച്, സ്പ്രിംഗ്ഫീൽഡ്, റെഡ്ക്ലിഫ് പെനിൻസുല തുടങ്ങിയ പ്രധാന ലൈനുകളിൽ ഓരോ 15 മിനിറ്റിലും ട്രെയിനുകൾ ലഭ്യമാകും. നേരത്തെ ഇത് 6 മുതൽ 10 മിനിറ്റ് വരെയായിരുന്നു.

മറ്റ് സമയങ്ങളിൽ: മിക്ക ലൈനുകളിലും 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസുകൾ.

ബീൻലീ, ഷോൺക്ലിഫ് ലൈനുകൾ: ഇവിടെ സർവീസുകൾ 30 മിനിറ്റ് ഇടവേളയിൽ മാത്രമായിരിക്കും.

റീജിയണൽ സർവീസുകൾ: 'സ്പിരിറ്റ് ഓഫ് ക്വീൻസ്‌ലൻഡ്' ബ്രിസ്‌ബേനിനും ടൗൺസ്‌വില്ലിനും ഇടയിൽ ഓടും, എന്നാൽ ടൗൺസ്‌വില്ലിനും കെയ്‌ൻസിനും ഇടയിൽ ബസ് സർവീസായിരിക്കും ഉണ്ടാവുക. 'വെസ്റ്റ്‌ലാൻഡർ' പൂർണ്ണമായും റദ്ദാക്കി.

മൂന്ന് വർഷത്തേക്ക് 8 ശതമാനം ശമ്പള വർദ്ധനവ് എന്ന ക്വീൻസ്‌ലൻഡ് റെയിൽവേയുടെ നിർദ്ദേശം യൂണിയനുകൾ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജോലിക്ക് വരാത്തവർക്ക് ശമ്പളം നൽകില്ലെന്ന് ട്രാൻസ്പോർട്ട് മന്ത്രി ബ്രന്റ് മിക്കൽബർഗ് വ്യക്തമാക്കി. എന്നാൽ സർക്കാരിന്റേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു.

യാത്ര തിരിക്കുന്നതിന് മുൻപ് TransLink journey planner പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എയർട്രെയിൻ (Airtrain) സർവീസുകളെ ഈ മാറ്റങ്ങൾ ബാധിക്കില്ല. പ്രശ്നം പരിഹരിക്കാനായി വരും ദിവസങ്ങളിൽ ഫെയർ വർക്ക് കമ്മീഷന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കും.

SCROLL FOR NEXT