(Australian Federal Police)
Queensland

ഓൺലൈനിൽ തീവ്രവാദ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് 18കാരൻ അറസ്റ്റിൽ

അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI) വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Safvana Jouhar

ബ്രിസ്ബെയ്ൻ: മുസ്‌ലിം, ജൂത, കുടിയേറ്റ പശ്ചാത്തലമുള്ളവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് ക്വീൻസ്‌ലാൻഡിൽ 18കാരൻ അറസ്റ്റിൽ. അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI) വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ബ്രിസ്ബെയ്‌നിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ വടക്കുള്ള വാർണർ സ്വദേശിയായ യുവാവ് നിരവധി സമൂഹമാധ്യമ ചാനലുകൾ നടത്തിയിരുന്നതായും അവയിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഉള്ളടക്കങ്ങളും ഭീകരാക്രമണങ്ങളെ പരാമർശിക്കുന്ന വിവരങ്ങളും പങ്കുവച്ചിരുന്നതായും പൊലീസ് ആരോപിച്ചു.

ഓസ്‌ട്രേലിയൻ ഉപയോക്താവ് ഓൺലൈനിൽ തീവ്രവാദ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് FBI വിവരം AFPക്ക് കൈമാറിയത്. മേയ് 27ന് പൊലീസ് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തി. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും അവയിൽ അക്രമാത്മക തീവ്രവാദ ഉള്ളടക്കത്തിന്റെ നിരവധി ഫയലുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളും ഉപകരണങ്ങളിൽ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. അക്രമാത്മക തീവ്രവാദ ഉള്ളടക്കം കൈമാറുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ സേവനം ഉപയോഗിച്ചെന്ന 14 കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

തീവ്രവാദ ഉള്ളടക്കവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കാം. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പരമാവധി 15 വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. മേയ് 27ന് പൈൻ റിവേഴ്‌സ് മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഇതേ കോടതിയിൽ വീണ്ടും ഹാജരാക്കും. കാൻബറയിലെ യുഎസ് എംബസിയിൽ പ്രവർത്തിക്കുന്ന FBI ലോ എൻഫോഴ്‌സ്‌മെന്റ് അറ്റാഷെ റയാൻ മാക്‌സ്‌വെൽ, ഓസ്‌ട്രേലിയൻ അധികൃതരുമായി നടത്തിയ സഹകരണത്തെ വിലമതിക്കുന്നതായി പറഞ്ഞു. ഓൺലൈൻ മേഖലയിൽ അതിർത്തികൾ മറികടന്ന് ഭീഷണികൾ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമനിർവഹണ, രഹസ്യാന്വേഷണ ഏജൻസികളും അതേ രീതിയിൽ ഏകോപിതമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT