ക്വീൻസ്‌ലൻഡ് സർക്കാർ നടപ്പിലാക്കിയ ഇ-ബൈക്ക് റീബേറ്റ് പദ്ധതിയിലൂടെ വിതരണം ചെയ്ത നൂറുകണക്കിന് വാഹനങ്ങൾ നിയമവിരുദ്ധമാണെന്ന് പുതിയ ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മുൻ ലേബർ ഗവൺമെന്റ് 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം ഇ-ബൈക്കുകൾക്ക് 500 ഡോളറും ഇ-സ്കൂട്ടറുകൾക്ക് 200 ഡോളറുമാണ് സബ്‌സിഡി നൽകിയിരുന്നത്. എന്നാൽ, പദ്ധതി പ്രകാരം വാങ്ങിയ വാഹനങ്ങളിൽ വലിയൊരു ശതമാനവും നിശ്ചിത വേഗപരിധി ലംഘിക്കുന്നവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
പരിശോധിച്ച 3,265 ഇ-ബൈക്കുകളിൽ 21 ശതമാനവും (693 എണ്ണം) നിയമവിരുദ്ധമോ അല്ലെങ്കിൽ നിയമസാധുത സംശയിക്കുന്നവയോ ആണ്. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ളതോ 250 വാട്ടിൽ കൂടുതൽ കരുത്തുള്ള മോട്ടോർ ഘടിപ്പിച്ചതോ ആയ ഇ-ബൈക്കുകൾ ഓസ്‌ട്രേലിയൻ നിയമപ്രകാരം റോഡിലിറക്കാൻ അനുവാദമില്ല. സബ്‌സിഡി നൽകിയ 1,508 ഇ-സ്കൂട്ടറുകളിൽ 141 എണ്ണവും ഇത്തരത്തിൽ നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ കണ്ടെത്തൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ വലിയ രാഷ്ട്രീയ പോരിന് വഴിതെളിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നിലവിലെ ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബെർഗ് ആരോപിച്ചു. അതേസമയം, കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഇത്തരം വാഹനങ്ങൾക്ക് സബ്‌സിഡി അനുവദിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്ന് മുൻ സർക്കാർ പ്രതിനിധികൾ ആവശ്യപ്പെട്ടു. നിയമവിരുദ്ധ വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.