ഇ-ബൈക്കുകൾ ABC News
Queensland

ഇ-ബൈക്ക് ഉപയോഗത്തിന് പ്രായപരിധി വരുന്നു; ക്വീൻസ്‌ലാന്റിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്

പുതിയ ശുപാർശകൾ പ്രകാരം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നവർ കുറഞ്ഞത് ഒരു ഓൺലൈൻ ലേണിംഗ് പ്രോഗ്രാമെങ്കിലും പൂർത്തിയാക്കി ക്ലാസ് സി ലേണേഴ്‌സ് ലൈസൻസ് കരസ്ഥമാക്കണം.

Elizabath Joseph

ക്വീൻസ്‌ലാന്റിൽ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഓടിക്കുന്നതിന് 16 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്നും ഡ്രൈവിംഗ് ലേണേഴ്‌സ് ലൈസൻസ് നിർബന്ധമാക്കണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്തു. വർദ്ധിച്ചുവരുന്ന അപകടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം. കഴിഞ്ഞ വർഷം മാത്രം ക്വീൻസ്‌ലാന്റിൽ ഇ-മൊബിലിറ്റി ഉപകരണങ്ങൾ മൂലമുണ്ടായ അപകടങ്ങളിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

പുതിയ ശുപാർശകൾ പ്രകാരം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നവർ കുറഞ്ഞത് ഒരു ഓൺലൈൻ ലേണിംഗ് പ്രോഗ്രാമെങ്കിലും പൂർത്തിയാക്കി ക്ലാസ് സി ലേണേഴ്‌സ് ലൈസൻസ് കരസ്ഥമാക്കണം. എന്നാൽ ഇലക്ട്രിക് വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. കൂടാതെ, ഫുട്പാത്തുകളിലൂടെയുള്ള ഇത്തരം വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി കുറയ്ക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ നിയമം ലംഘിച്ചാൽ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കാനും അനധികൃത ഉപകരണങ്ങൾ ആദ്യ തവണ തന്നെ പിടിച്ചെടുത്ത് നശിപ്പിക്കാനും പോലീസിന് അധികാരം നൽകണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെഡിക്കൽ അസോസിയേഷനുകളും അപകടത്തിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കളും ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോൾ, സൈക്ലിംഗ് സംഘടനകൾ ലൈസൻസ് നിർബന്ധമാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സൈക്കിൾ ചവിട്ടുന്ന കുട്ടികൾക്ക് കാർ ലൈസൻസ് വേണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ഉപകരണങ്ങളെ മോട്ടോർ ബൈക്കുകളായി കണക്കാക്കണമെന്നും അവയ്ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ ശുപാർശകൾ സർക്കാർ വിശദമായി പരിശോധിച്ചു വരികയാണ്.

SCROLL FOR NEXT