ബ്രിസ്ബേൻ: ക്വീൻസ്‌ലാന്റ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ കോഡ് നിർമ്മാണ മേഖലയെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നതായി ട്രേഡ് യൂണിയനുകളുടെ മുന്നറിയിപ്പ്. സിഎഫ്എംഇയു യൂണിയനുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ മുൻപോട്ട് വെച്ചിരിക്കുന്ന ഈ പുതിയ കരട് ചട്ടങ്ങൾ, വരാനിരിക്കുന്ന ഒളിംപിക്‌സ്, പാരാലിമ്പിക്‌സ് വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമായേക്കുമെന്ന് ക്വീൻസ്‌ലാന്റ് കൗൺസിൽ ഓഫ് യൂണിയൻസ് ജനറൽ സെക്രട്ടറി ജാക്വലിൻ കിംഗ് മുന്നറിയിപ്പ് നൽകി. 2 മില്യൺ ഡോളറിന് മുകളിൽ ചെലവ് വരുന്ന എല്ലാ സർക്കാർ പദ്ധതികൾക്കും ബാധകമാകുന്ന രീതിയിലാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
മുൻപ് നിലവിലുണ്ടായിരുന്ന 'ബെസ്റ്റ് പ്രാക്ടീസ് ഇൻഡസ്ട്രി കണ്ടീഷൻസ്' വ്യവസ്ഥകൾ വലിയ നിർമ്മാണ പദ്ധതികളിൽ ഉൽപ്പാദനക്ഷമതയില്ലാത്ത തൊഴിൽ രീതികൾക്ക് കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് ഭരണകക്ഷിയായ എൽഎൻപി അത് റദ്ദാക്കിയത്. പുതിയ ചട്ടങ്ങൾ ഉൽപ്പാദനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്നും തൊഴിലിടങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നുമാണ് ക്വീൻസ്‌ലാന്റ് മേജർ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ ചാപ്മാൻ വ്യക്തമാക്കുന്നത്. എന്നാൽ പുതിയ കോഡിലെ ചില നിർദ്ദേശങ്ങൾ ഫെഡറൽ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത് ട്രെയിനികളുടെയും അപ്രന്റീസുകളുടെയും തൊഴിൽ അനുപാത ചർച്ചകളെ ബാധിക്കുമെന്നും യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. കടുത്ത തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് ഇവരുടെ പക്ഷം. ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ജൂലൈ 24 വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമയമുണ്ട്.