ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലൻഡ് പോലീസ് സർവീസിന്റെ (QPS) സത്യസന്ധതയിലും പ്രവർത്തനക്ഷമതയിലും പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതായി ഔദ്യോഗിക വാർഷിക റിപ്പോർട്ട്. പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ വിശ്വാസവും പോലീസിന്റെ സത്യസന്ധതയും വിലയിരുത്താൻ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സേനയ്ക്ക് സാധിച്ചില്ലെന്ന് വ്യക്തമായി. രാജ്യവ്യാപകമായി 20,800-ലധികം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച 'നാഷണൽ സർവേ ഓഫ് കമ്മ്യൂണിറ്റി സാറ്റിസ്ഫാക്ഷൻ വിത്ത് പോലീസിംഗ്' (NSCSP) സർവേ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പോലീസ് ഉദ്യോഗസ്ഥർ തികഞ്ഞ സത്യസന്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് 55.9 ശതമാനം ക്വീൻസ്‌ലൻഡുകാർ മാത്രമാണ് അഭിപ്രായപ്പെട്ടത്; നിശ്ചയിച്ചിരുന്ന 75 ശതമാനം ലക്ഷ്യത്തേക്കാൾ 20 ശതമാനത്തോളം കുറവാണിത്. പോലീസ് ജനങ്ങളോട് പക്ഷപാതമില്ലാതെ തുല്യനീതി പാലിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 52.3 ശതമാനം പേർ മാത്രമാണ് (ലക്ഷ്യം: 75%). സേനയിൽ വിശ്വാസമുണ്ടെന്ന് 65.9 ശതമാനം പേരും, പോലീസ് ജോലി പ്രൊഫഷണലായാണ് ചെയ്യുന്നതെന്ന് 68.6 ശതമാനം പേരും (ലക്ഷ്യം: 85%) സാക്ഷ്യപ്പെടുത്തി. ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷന് കീഴിൽ ഒരു സ്വതന്ത്ര പോലീസ് ഇന്റഗ്രിറ്റി യൂണിറ്റ് സ്ഥാപിക്കണമെന്ന കമ്മീഷൻ ഓഫ് ഇൻക്വയറി ശുപാർശ മൂന്ന് വർഷമായി നടപ്പാക്കാത്തതിനെതിരെ വൻ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ മുൻ ലേബർ സർക്കാരിന്റെ നയങ്ങളാണ് പോലീസ് സേനയുടെ വീഴ്ചയ്ക്ക് കാരണമെന്ന് പോലീസ് മന്ത്രി ഡാൻ പർഡി കുറ്റപ്പെടുത്തി. അതേസമയം, ജൂൺ 30-ന് ശേഷം ഈ ദേശീയ സർവേ കരാർ അവസാനിപ്പിച്ചതിനാൽ അടുത്ത വർഷം മുതൽ ഇത്തരം പൊതുജന വിലയിരുത്തലുകൾ എങ്ങനെ രേഖപ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.