ബ്രിസ്ബേൻ: 2032-ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസുകൾക്ക് മുന്നോടിയായി സംസ്ഥാനത്തെ രാത്രികാല ജീവിതവും ബിസിനസ്സുകളുംകൂടുതൽ സജീവമാക്കുന്നതിനായി മദ്യനിയമങ്ങളിൽ സമഗ്രമായ മാറ്റം നിർദ്ദേശിച്ച് ക്വീൻസ്‌ലാന്റിലെ ആദ്യ 'നൈറ്റ്‌ലൈഫ് കമ്മീഷണർ' ജോൺ കോളിൻസ് (John Collins). ക്വീൻസ്‌ലാന്റ് പുറത്തുവിട്ട 'മൂൺസൈഡ്' (Moonside) റിപ്പോർട്ടിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മദ്യനിയമങ്ങളിൽ മാറ്റം വരുത്തണമെന്നും, ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഇളവുകൾ നൽകണമെന്നും മുൻ പോഡർഫിംഗർ ബാസിസ്റ്റ് കൂടിയായ ജോൺ കോളിൻസ് ആവശ്യപ്പെട്ടത്.
ഈസ്റ്റർ, ക്രിസ്മസ് ദിവസങ്ങളിലെ മദ്യവിൽപ്പന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും വൈകിട്ടത്തെ ബിസിനസ്സ് സമയങ്ങൾ ദീർഘിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ ക്രിസ്മസ്, ഈസ്റ്റർ ദിവസങ്ങളിലെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ക്വീൻസ്‌ലാന്റ് സർക്കാർ വ്യക്തമാക്കി. അതേസമയം, ആഗോള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ക്വീൻസ്‌ലാന്റിൽ രാത്രി 8:30-ന് ശേഷവും റെസ്റ്റോറന്റുകളും മറ്റ് കഫേകളും തുറന്നു പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന നിർദ്ദേശത്തോട് സർക്കാരും അനുകൂലമായാണ് പ്രതികരിക്കുന്നത്.