ബ്രിസ്‌ബേൻ: വാറന്റില്ലാതെ പൊതുസ്ഥലങ്ങളിൽ ആളുകളെ മെറ്റൽ ഡിറ്റക്ടർ വാണ്ട് (Wand) ഉപയോഗിച്ച് ദേഹപരിശോധന നടത്താൻ പോലീസിന് അധികാരം നൽകുന്ന 'ജാക്ക്സ് ലോ' (Jack's Law) സ്ഥിരപ്പെടുത്തിയതിന് ശേഷം ക്വീൻസ്‌ലൻഡിൽ പിടിച്ചെടുത്തത് 1,400-ലധികം മാരകായുധങ്ങൾ. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇതുവരെ സംസ്ഥാനത്തുടനീളം രണ്ട് ലക്ഷത്തോളം ആളുകളെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ബ്രിസ്‌ബേൻ മേഖലയിൽ മാത്രം നടത്തിയ 54,000 പരിശോധനകളിൽ നിന്നായി 300 ആയുധങ്ങൾ പിടിച്ചെടുക്കുകയും 700 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2019-ൽ ഗോൾഡ് കോസ്റ്റിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ട ജാക്ക് ബീസ്‌ലി എന്ന കൗമാരക്കാരന്റെ ഓർമ്മയ്ക്കാണ് സർക്കാർ ഈ കർശന നിയമം കൊണ്ടുവന്നത്. ഫോർട്ടിറ്റ്യൂഡ് വാലിയിലും സൗത്ത് ബ്രിസ്‌ബേനിലും പ്രായപൂർത്തിയാകാത്ത കുട്ടികളിൽ നിന്ന് വേട്ടയാടൽ കത്തികളും വലിയ വടിവാളുകളും (Machete) സാമുറായ് വാളുകളും വരെ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളെല്ലാം റീസൈക്ലിംഗ് പ്ലാന്റിൽ നശിപ്പിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം നിർബന്ധിത തടവ് ശിക്ഷ നൽകുന്നതടക്കമുള്ള കർശന നിയമനടപടികളിലേക്ക് കടക്കുകയാണെന്ന് ക്വീൻസ്‌ലൻഡ് സർക്കാർ വ്യക്തമാക്കി.