ക്വീൻസ്‌ലാൻഡ് സർക്കാരിന്റെ സൈബർ സുരക്ഷാ തന്ത്രം നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സർക്കാർ വകുപ്പിന് സൈബർ ആക്രമണത്തിൽ 8.09 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ നഷ്ടമായതായി പുതിയ റിപ്പോർട്ട്. Customer Services, Open Data and Small and Family Business വകുപ്പിന്റെ 2025-ലെ വാർഷിക റിപ്പോർട്ടിലാണ് ജൂലൈയിൽ നടന്ന സൈബർ ആക്രമണത്തെ തുടർന്ന് പൊതുപണത്തിൽ നിന്ന് 809,000 ഡോളർ നഷ്ടമായതായി വ്യക്തമാക്കിയത്.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഒരു മൂന്നാം കക്ഷി ടെലികമ്മ്യൂണിക്കേഷൻ സേവനദാതാവിന്റെ സംവിധാനങ്ങളിൽ അനധികൃതമായി പ്രവേശിച്ചാണ് ആക്രമണം നടത്തിയതെന്ന് വകുപ്പ് അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് നേരിട്ട് പണം നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആക്രമണം തടയുന്നതിനും അന്വേഷണം നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും വകുപ്പ് അറിയിച്ചു. സർക്കാർ ഡാറ്റയോ സെൻസിറ്റീവ് വിവരങ്ങളോ ചോർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, Transport and Main Roads വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 9,000-ത്തിലധികം സംശയാസ്പദ പ്രവർത്തനങ്ങൾ പരിശോധിക്കുകയും 3,000-ത്തിലധികം സൈബർ സുരക്ഷാ സംഭവങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തു. സൈബർ ഭീഷണികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനൊപ്പം ജീവനക്കാരുടെ ബോധവത്കരണം, സുരക്ഷാ പരിശോധനകൾ, മറ്റ് പ്രതിരോധ നടപടികൾ എന്നിവ ശക്തമാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. മാർച്ചിൽ Queensland Audit Office പുറത്തുവിട്ട റിപ്പോർട്ടിലും സർക്കാർ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ ആക്രമണങ്ങളുടെ എണ്ണവും സങ്കീർണതയും വർധിക്കുന്ന സാഹചര്യത്തിൽ ദുർബലമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾ കൂടുതൽ അപകടസാധ്യത നേരിടുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മൂന്നാം കക്ഷി സേവനദാതാക്കളുമായി ബന്ധപ്പെട്ട സൈബർ സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിയാനും വിലയിരുത്താനും നിരീക്ഷിക്കാനും ആവശ്യമായ നയങ്ങളും നിയന്ത്രണങ്ങളും എല്ലാ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.