Pexels: Katrin Bolovstova
Queensland

ഡബിൾ ജപ്പാർഡി നിയമത്തിൽ ക്വീൻസ്‌ലൻഡിൽ പുനർവിചാരണ; കുറ്റവിമുക്തനായ പ്രതി വീണ്ടും വിചാരണയിലേക്ക്

2009-ൽ ലോഗനിൽ നടന്ന കൊലപാതകക്കേസിൽ നേരത്തെ കോടതി വെറുതെവിട്ടിരുന്ന പ്രതിയെയാണ് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണ ചെയ്യുന്നത്.

Elizabath Joseph

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി, ഒരിക്കൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി കൊലപാതകക്കേസിൽ വീണ്ടും വിചാരണ നേരിടുന്നു. സംസ്ഥാനത്തെ 'ഡബിൾ ജപ്പാർഡി' (Double Jeopardy) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കോർട്ട് ഓഫ് അപ്പീൽ (COA) ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2009-ൽ ലോഗനിൽ നടന്ന കൊലപാതകക്കേസിൽ നേരത്തെ കോടതി വെറുതെവിട്ടിരുന്ന പ്രതിയെയാണ് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണ ചെയ്യുന്നത്.

വർഷങ്ങൾക്ക് ശേഷം ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് സ്വന്തം മനസ്സാക്ഷിക്കുത്ത് മൂലമാണ് പ്രതി പോലീസിന് മുന്നിൽ കൊലപാതകത്തിലെ പങ്കാളിത്തം സ്വമേധയാ ഏറ്റുപറഞ്ഞത്. താൻ കൊലപാതകത്തിൽ പങ്കാളിയായിരുന്നുവെന്നും എന്നാൽ അന്ന് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ഇയാളുടെ ബോഡി ക്യാമറ ദൃശ്യങ്ങളും ഔദ്യോഗിക മൊഴികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കൊലപാതക പദ്ധതിയെക്കുറിച്ചും മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ചും ഇയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതി സ്വമേധയാ നടത്തിയ കുറ്റസമ്മതം വ്യക്തവും ശക്തവുമായ പുതിയ തെളിവാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡെബ്ര മുള്ളിൻസ് മുൻ വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു. 2014-ൽ നിലവിൽ വന്ന നിയമഭേദഗതിക്ക് ശേഷം ക്വീൻസ്‌ലൻഡിൽ ഒരു കൊലപാതകക്കേസിൽ പുനർവിചാരണ അനുവദിക്കുന്നത് ആദ്യമായാണ്. നിലവിലെ നിയമപ്രകാരം വിചാരണ പൂർത്തിയാകുന്നതുവരെ പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിന് കർശന വിലക്കുണ്ട്.

SCROLL FOR NEXT