Queensland  City of Gold Coast/ Unsplash
Queensland

കടക്കെണിയിലേക്ക് കൂപ്പുകുത്തി ക്വീൻസ്‌ലൻഡ്; ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താൻ നീക്കം

റേറ്റിംഗ് താഴ്ന്നാൽ സർക്കാർ സേവനങ്ങൾ വെട്ടിച്ചുരുക്കുകയോ ജനങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തുകയോ ചെയ്യേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Elizabath Joseph

ബ്രിസ്ബെയ്ൻ: വൻ കടബാധ്യതയിലും പലിശച്ചെലവിലും നട്ടംതിരിയുന്ന ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴേക്ക് വീഴാൻ സാധ്യതയേറി. സംസ്ഥാനത്തിന്റെ നിലവിലെ 'AA+' റേറ്റിംഗിൽ ഇടിവുണ്ടാകുന്നത് കടമെടുപ്പ് ചെലവുകൾ കുത്തനെ കൂട്ടുമെന്ന മുന്നറിയിപ്പുകൾക്കിടെ, വിഷയത്തിൽ ഫെഡറൽ സർക്കാരും ക്വീൻസ്‌ലൻഡിലെ എൽഎൻപി സർക്കാരും തമ്മിൽ പരസ്പരം പഴിചാരൽ ശക്തമായി. റേറ്റിംഗ് താഴ്ന്നാൽ സർക്കാർ സേവനങ്ങൾ വെട്ടിച്ചുരുക്കുകയോ ജനങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തുകയോ ചെയ്യേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ധനസ്ഥിതി അതിവേഗം വഷളാകുന്നതിൽ ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്‌സ് ആശങ്ക രേഖപ്പെടുത്തി. എന്നാൽ, മുൻ ലേബർ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും കേന്ദ്രം ചെലവുകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ക്വീൻസ്‌ലൻഡ് ട്രഷറർ ഡേവിഡ് ജാനെറ്റ്സ്കി തിരിച്ചടിച്ചു. റിയൽ എസ്റ്റേറ്റ് വിപണിയിലെ തളർച്ച മൂലമുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇടിവും ബോണ്ട് യീൽഡ് വർദ്ധനവുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. 2029-30 ഓടെ ക്വീൻസ്‌ലൻഡിന്റെ മൊത്തം കടം 216 ബില്യൺ ഡോളറിലധികമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. പ്രതിവർഷ പലിശ ബാധ്യത മാത്രം 11 ബില്യൺ ഡോളറിലേക്ക് എത്തുന്നത് 2032 ബ്രിസ്ബെയ്ൻ ഒളിമ്പിക്സ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ചെലവിനേക്കാൾ ഇരട്ടിയോളമാണ്.

SCROLL FOR NEXT