ബ്രിസ്ബേൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാന്റിൽ ആദ്യമായി 'H5 പക്ഷിപ്പനി' (H5 Bird Flu) സ്ഥിരീകരിച്ചു. ബ്രിസ്ബേന് കിഴക്കൻ തീരത്തുള്ള മോറെട്ടൺ ഐലന്റിൽ (Moreton Island) ചത്ത നിലയിൽ കണ്ടെത്തിയ പെട്രൽ (Petrel) ഇനത്തിൽപ്പെട്ട കടൽപ്പക്ഷിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഓസ്‌ട്രേലിയൻ സയൻസ് ഏജൻസിയായ സി.എസ്.ഐ.ആർ.ഒ നടപ്പിലാക്കിയ സാമ്പിൾ പരിശോധനകൾക്ക് ശേഷമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് വാർത്ത സ്ഥിരീകരിച്ചത്.
നിലവിൽ കാട്ടുപക്ഷികളിൽ മാത്രമാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്നും വളർത്തുപക്ഷികളിലോ (Poultry) മറ്റ് ഫാമുകളിലോ പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ആലിസൺ ക്രൂക്ക് വ്യക്തമാക്കി. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ക്വീൻസ്ലാന്റിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയ്ൽസ് എന്നിവിടങ്ങളിലെ കാട്ടുപക്ഷികളിലും ഇതിനകം H5 പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും മേഖലയിൽ വൻതോതിലുള്ള കാട്ടുപന്നികളിലേക്കും വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.