(ABC Kimberley: Andrew Seabourne)
Queensland

സാമൂഹിക സേവന മേഖല സാമ്പത്തിക പ്രതിസന്ധിയിൽ; 75% സംഘടനകൾക്ക് ഫണ്ട് തികയുന്നില്ല

സഹായം തേടിയെത്തുന്ന vulnerable വിഭാഗങ്ങളിൽപ്പെട്ട ആളുകളെ തിരിച്ചയക്കേണ്ട സാഹചര്യമുണ്ടെന്നും ജീവനക്കാർ മാനസിക സമ്മർദവും ക്ഷീണവും നേരിടുകയാണെന്നും QCOSS ചീഫ് എക്സിക്യൂട്ടീവ് Aimee McVeigh പറഞ്ഞു.

Safvana Jouhar

സർക്കാർ നൽകുന്ന ധനസഹായം സേവനങ്ങൾ നടത്തുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ പര്യാപ്തമല്ലെന്ന് ക്വീൻസ്‌ലാൻഡിലെ 75 ശതമാനം സാമൂഹിക സേവന സംഘടനകൾ. ജീവിതച്ചെലവും ഭവനപ്രതിസന്ധിയും കമ്മ്യൂണിറ്റി സേവന മേഖലയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി Queensland Council of Social Services (QCOSS) പുറത്തുവിട്ട പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സഹായം തേടിയെത്തുന്ന vulnerable വിഭാഗങ്ങളിൽപ്പെട്ട ആളുകളെ തിരിച്ചയക്കേണ്ട സാഹചര്യമുണ്ടെന്നും ജീവനക്കാർ കടുത്ത മാനസിക സമ്മർദവും ക്ഷീണവും നേരിടുകയാണെന്നും QCOSS ചീഫ് എക്സിക്യൂട്ടീവ് Aimee McVeigh പറഞ്ഞു. മേഖലയുടെ ഫണ്ടിംഗും പ്രവർത്തന സാഹചര്യങ്ങളും സ്ഥിരപ്പെടുത്തുമെന്ന് രണ്ട് വർഷം മുമ്പ് വാഗ്ദാനം നൽകിയ പ്രീമിയർ David Crisafulli നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രീമിയർ David Crisafulli

റിപ്പോർട്ടിനായി 1,400 ഫ്രണ്ട്‌ലൈൻ ജീവനക്കാരിൽ നടത്തിയ സർവേയിൽ 83 ശതമാനം പേരും കഴിഞ്ഞ ആറുമാസത്തിനിടെ സേവനങ്ങൾക്കുള്ള ആവശ്യകത വർധിച്ചതായി രേഖപ്പെടുത്തി. ഫണ്ടിംഗ് നഷ്ടപ്പെടുമെന്ന ഭയത്താൽ സാമൂഹിക സേവന സംഘടനകളെ അഭിപ്രായം പറയുന്നതിൽ നിന്ന് സർക്കാർ നിയന്ത്രിക്കുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യുവജനങ്ങൾക്കായുള്ള Youth Advocacy Centre, LNP സർക്കാരിന്റെ കടുത്ത യുവജന കുറ്റകൃത്യ നയത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഒക്ടോബറിൽ ഫണ്ടിംഗ് വെട്ടിക്കുറച്ചതായി ആരോപിച്ചിരുന്നു.

ക്രിസ്മസ് കാലത്തെ ഫണ്ടിംഗ് അനിശ്ചിതത്വം

Peak Care ചീഫ് എക്സിക്യൂട്ടീവ് Kelly Jebb പറയുന്നതനുസരിച്ച്, രണ്ട് മാസത്തിൽ താഴെ ഫണ്ടിംഗ് ശേഷിക്കുന്ന നിരവധി പ്രധാന സംഘടനകൾക്ക് സഹായം തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഡിസംബർ 31-ന് അവസാനിക്കുന്ന ഫണ്ടിംഗ് കരാറുകളുടെ പുതുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ കാത്തിരിക്കുന്ന ഫോസ്റ്റർ കെയർ പിന്തുണാ ഏജൻസികളുണ്ടെന്നും അവർ പറഞ്ഞു. ഫണ്ടിംഗ് പുതുക്കിയില്ലെങ്കിൽ ഫോസ്റ്റർ, ബന്ധുക്കളുടെ പരിചരണത്തിലുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും പുതിയ പിന്തുണാ സേവനങ്ങളിലേക്ക് മാറാനുള്ള സമയം വളരെ കുറവായിരിക്കുമെന്നും ക്രിസ്മസ് കാലത്ത് സേവന തടസ്സങ്ങളും അസ്ഥിരതയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

2024-ൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ QCOSS-നോട് സംസാരിച്ച David Crisafulli, സംഘടനകൾ എല്ലാ വർഷവും സർക്കാരിന് മുന്നിൽ ധനസഹായത്തിനായി അപേക്ഷിച്ച് നടക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് പറഞ്ഞിരുന്നു. കരാറുകൾ ദീർഘകാലത്തേക്കും പുതുക്കൽ തീരുമാനങ്ങൾ കാലാവധി അവസാനിക്കുന്നതിന് ഏറെ മുമ്പും നടത്തണമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഫ്രണ്ട്‌ലൈൻ സംഘടനകൾക്ക് ഇൻഡെക്സേഷൻ അനുസരിച്ചുള്ള കൂടുതൽ ധനസഹായവും ദീർഘകാലവും സുരക്ഷിതവുമായ കരാറുകളും നൽകണമെന്ന് QCOSS ആവശ്യപ്പെട്ടു. സ്ഥിരമായ ഫണ്ടിംഗും പ്രവർത്തന സാഹചര്യങ്ങളും ലഭിച്ചാൽ പ്രശ്നങ്ങൾ പ്രതിസന്ധിയാകുന്നതിന് മുമ്പ് ആളുകൾക്ക് സഹായം ലഭ്യമാക്കാൻ കഴിയുമെന്ന് McVeigh പറഞ്ഞു. ക്രിസ്മസും കൊടുങ്കാറ്റ് സീസണും അടുത്ത സാഹചര്യത്തിൽ സമ്മർദത്തിലായ കുടുംബങ്ങൾക്ക് സഹായം തേടാൻ സംവിധാനങ്ങൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രീമിയറുടെ ഓഫീസിനോട് പ്രതികരണം തേടിയിട്ടുണ്ട്.

SCROLL FOR NEXT