Supplied
Queensland

ആശുപത്രിക്ക് മുന്നിൽ ആംബുലൻസുകളുടെ നിര; ക്വീൻസ്‌ലൻഡിൽ ആരോഗ്യമേഖല പ്രതിസന്ധിയിലെന്ന് പാരാമെഡിക്കുകൾ

ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം ക്വീൻസ്‌ലൻഡിലെ പ്രധാനപ്പെട്ട 26 പബ്ലിക് ആശുപത്രികളിൽ എത്തുന്ന 42 ശതമാനം ആംബുലൻസ് രോഗികളും എമർജൻസി വാർഡിലേക്ക് മാറാൻ 30 മിനിറ്റിലധികം സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്

Elizabath Joseph

ബ്രിസ്ബേൻ: രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രികൾക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്ന 'ആംബുലൻസ് റാംപിംഗ്' (Ambulance Ramping) പ്രതിസന്ധിയിൽ ശ്വാസംമുട്ടി ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡ്. പൊതു ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ തിരക്ക് ക്രമാതീതമായതോടെ 12 മണിക്കൂർ വരുന്ന മുഴുവൻ ഷിഫ്റ്റിലും ഒരൊറ്റ രോഗിയുമായി ആശുപത്രിക്ക് മുന്നിൽ കിടക്കേണ്ടി വരുന്നതായി പാരാമെഡിക്കൽ ജീവനക്കാർ വെളിപ്പെടുത്തി. ഇത് അത്യാസന്ന നിലയിലുള്ള മറ്റ് രോഗികൾക്ക് കൃത്യസമയത്ത് സേവനം എത്തിക്കുന്നതിന് വലിയ തടസ്സമാകുന്നു.

ബ്രിസ്ബേനിൽ നെഞ്ചുവേദനയെത്തുടർന്ന് അടിയന്തര സഹായത്തിനായി ട്രിപ്പിൾ സീറോയിൽ (000) വിളിച്ച് രണ്ട് മണിക്കൂറോളം കാത്തിരുന്ന 51-കാരൻ ആംബുലൻസ് എത്തുന്നതിന് മുൻപേ മരണപ്പെട്ട സംഭവം നിലവിലെ പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു. പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിക്ക് തൊട്ടടുത്തുള്ള വീട്ടിലാണ് ഇയാൾ മരണപ്പെട്ടത്. ആംബുലൻസ് ലഭിക്കാൻ നേരിട്ട കാലതാമസത്തെക്കുറിച്ച് കുടുംബം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞത്. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഓഗസ്റ്റിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ക്വീൻസ്‌ലൻഡിലെ പ്രധാനപ്പെട്ട 26 പബ്ലിക് ആശുപത്രികളിൽ എത്തുന്ന 42 ശതമാനം ആംബുലൻസ് രോഗികളും എമർജൻസി വാർഡിലേക്ക് മാറാൻ 30 മിനിറ്റിലധികം സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. മെട്രോ സൗത്ത് മേഖലയിലെ ലോഗൻ, റെഡ്‌ലാൻഡ്, ക്യുഇ2 (QEII) ആശുപത്രികളിൽ 60 ശതമാനത്തിലധികം രോഗികളാണ് റാംപിംഗിന് ഇരയാകുന്നത്. ക്യുഇ2 ആശുപത്രിയിൽ ഇത് 64.8 ശതമാനമാണ്. റാംപിംഗ് നിരക്ക് 30 ശതമാനത്തിൽ താഴെ എത്തിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസാഫുള്ളി സർക്കാരിന്റെ ഭരണകാലത്തും കെയൺസ്, മക്കായ്, ഗ്ലാഡ്‌സ്റ്റോൺ, സൺഷൈൻ കോസ്റ്റ് തുടങ്ങിയ ആശുപത്രികളിൽ സ്ഥിതി കൂടുതൽ വഷളായതായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT