ക്വീൻസ്‌ലൻഡിൽ 50 സെന്റ് (50 cent) ബസ്/ട്രെയിൻ നിരക്ക് പ്രാബല്യത്തിൽ വന്നതിനുശേഷം ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവരിൽ നിന്ന് അധികൃതർ പിഴയായി ഈടാക്കിയത് 4.5 മില്യൺ ഡോളറിലധികം (ഏകദേശം 37 കോടി രൂപ). വെറും 50 സെന്റ് മാത്രം നിരക്കുള്ളപ്പോൾ ടിക്കറ്റെടുക്കാതെ സർക്കാർ ഖജനാവിന് നഷ്ടപ്പെടുത്തിയ 7,000 ഡോളറോളം വീണ്ടെടുക്കാനാണ് ലക്ഷക്കണക്കിന് ഡോളർ പിഴയായി ഈടാക്കിയത്. 2024 ഓഗസ്റ്റ് മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 14,141 പേർക്കാണ് പിഴ ചുമത്തിയത്.
ട്രെയിനുകളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത്; ഏകദേശം 7,500 ഓളം പേർ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായി. നിലവിൽ ടിക്കറ്റെടുക്കാതെ പിടിക്കപ്പെട്ടാൽ 333 ഡോളറാണ് (ഏകദേശം 28,000 രൂപ) ഒരാൾ പിഴയായി ഒടുക്കേണ്ടത്. ഇത് ഒരു വർഷം മുഴുവൻ ആഴ്ചയിൽ അഞ്ച് ദിവസം യാത്ര ചെയ്യാനാവശ്യമായ തുകയേക്കാൾ കൂടുതലാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ടിക്കറ്റെടുക്കാത്തവർക്ക് നൽകിയ 75,000-ത്തിലധികം വാർണിംഗുകൾ വഴി സർക്കാരിന് മറ്റൊരു 37,000 ഡോളറിന്റെ വരുമാനനഷ്ടം കൂടി ഉണ്ടായിട്ടുണ്ട്.
ചെറിയ നിരക്ക് ഏർപ്പെടുത്തിയതോടെ ടിക്കറ്റില്ലാത്തവരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും പരിശോധനകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. യാത്രക്കാർ ടിക്കറ്റ് മെഷീനുകളിൽ 'ടാപ്പ്' (Tap on/off) ചെയ്യുന്നത് വഴി ലഭിക്കുന്ന വിവരങ്ങൾ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിനെ സഹായിക്കുന്നുണ്ട്. അതിനാൽ ടിക്കറ്റെടുക്കാത്തവർക്കെതിരെ കർശന നടപടി തുടരുമെന്നും, 50 സെന്റ് നിരക്ക് എന്നത് ജനങ്ങൾക്കുള്ള വലിയ ആനുകൂല്യമാണെന്നും സർക്കാർ വക്താവ് അറിയിച്ചു.