മാക്കെ: ഡൈസാർത്തിന് സമീപം ഗോൾഡൻ മൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു വയസുകാരി മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ 9.05ഓടെ അടിയന്തര സേവനസംഘങ്ങൾ സ്ഥലത്തെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന 22 വയസുകാരിയായ മോറൻബ സ്വദേശിനിക്ക് ചെറിയ പരിക്കുകളേറ്റു. അപകടത്തിൽ മരിച്ച കുഞ്ഞിനെ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ ക്വീൻസ്‌ലാൻഡ് പൊലീസിന്റെ ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷിച്ചുവരികയാണ്. അപകടസമയത്തെ ഡാഷ്‌കാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉൾപ്പെടെ വിവരങ്ങൾ ലഭ്യമായവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.