ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ പ്രമുഖ ശതകോടീശ്വരി ജിന റൈൻഹാർട്ട് (Gina Rinehart) വൺ നേഷൻ പാർട്ടിക്ക് ആസ്ഥാനമന്ദിരമൊരുക്കാൻ കോടികളുടെ കെട്ടിടം വാങ്ങിയ സംഭവത്തിൽ താല്പര്യ വൈരുദ്ധ്യമില്ലെന്ന് വൺ നേഷൻ എം.പി ബാർണബി ജോയ്‌സ്. ബ്രിസ്ബേനിൽ റൈൻഹാർട്ടിന്റെ കമ്പനി വാങ്ങിയ കെട്ടിടത്തിന് വിപണി നിരക്കിലുള്ള പൂർണ്ണ വാടക നൽകിയാണ് പാർട്ടി പ്രവർത്തിക്കുകയെന്നും ഇതിൽ സൗജന്യങ്ങളോ മറ്റ് വഴിവിട്ട സഹായങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൺ നേഷൻ പാർട്ടിയുടെ ആസ്ഥാന ഓഫീസിനായി ബ്രിസ്ബേനിലെ സ്പ്രിംഗ് ഹില്ലിൽ ഏകദേശം 8 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വിലമതിക്കുന്ന മൂന്നു നില മന്ദിരമാണ് റൈൻഹാർട്ടിന്റെ ഹാൻറൈൻ (Hanrine) പ്രോപ്പർട്ടി കമ്പനി വാങ്ങിയത്. വൻ തുകയുടെ കെട്ടിടം രാഷ്ട്രീയ പാർട്ടിക്ക് നൽകുന്നത് അഴിമതിയാണെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോയ്‌സ്. സ്വന്തം പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ടെന്നും പാർട്ടി തങ്ങളുടെ ഫണ്ടിൽ നിന്നാണ് വാടക നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജീന റൈൻഹാർട്ടുമായി വൺ നേഷൻ നേതാവ് പോളിൻ ഹാൻസനും ബാർണബി ജോയ്‌സിനുമുള്ള അടുത്ത ബന്ധവും മുൻകാലങ്ങളിൽ ഇവർ കൈപ്പറ്റിയ ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടി ലേബർ പാർട്ടിയും പ്രതിപക്ഷവും രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ജിന റൈൻഹാർട്ടിന്റെ ഹാൻകോക്ക് പ്രോസ്പെക്റ്റിംഗ് കമ്പനി വാഗ്ദാനം ചെയ്ത സൗജന്യ വിമാനയാത്രകൾ വൺ നേഷൻ പാർട്ടി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ വാണിജ്യ കെട്ടിടങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകുന്നില്ലെന്ന് ഹാൻകോക്ക് പ്രോസ്പെക്റ്റിംഗ് വക്താവും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.