ബ്രിസ്ബേനിന്റെ തെക്കുകിഴക്കൻ മേഖലയിൽ മോഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്ന കാർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ 15കാരി ഇസബെല്ല റോസ് ബക്ക് മരിച്ചു. ഗോൾഡ് കോസ്റ്റിലെ നെറാങ്ങ് സ്വദേശിനിയായ ഇസബെല്ലയുടെ മരണത്തിൽ കുടുംബവും സുഹൃത്തുക്കളും ദുഃഖത്തിലാണ്. നവംബർ 15-ന് വിന്നം റോഡും ഹെമ്മന്റ് ടിംഗൽപ റോഡും ചേരുന്ന ഭാഗത്തുണ്ടായ അപകടത്തെത്തുടർന്ന് ഇസബെല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടം നടന്ന് ഒൻപത് ദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് ക്വീൻസ്ലാൻഡ് പൊലീസ് സ്ഥിരീകരിച്ചു.
അപകടദിവസം വിന്നത്തിൽനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന വെള്ള നിറത്തിലുള്ള ടൊയോട്ട കൊറോളയിലായിരുന്നു ഇസബെല്ല യാത്ര ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ ആരോപണം. വൈകിട്ട് 3.45ഓടെ കാർ നീല നിറത്തിലുള്ള മറ്റൊരു ടൊയോട്ട കൊറോളയുമായി കൂട്ടിയിടിച്ചശേഷം വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് വെള്ള കാറിൽ നാല് കൗമാരക്കാരുണ്ടായിരുന്നു. 14 വയസ്സുള്ള ആൺകുട്ടിയായിരുന്നു വാഹനം ഓടിച്ചതെന്നാണ് ആരോപണം. കൂടെയുണ്ടായിരുന്നത് 15 വയസ്സുള്ള രണ്ട് പെൺകുട്ടികളും 16 വയസ്സുള്ള ഒരു ആൺകുട്ടിയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ നില ആദ്യം ഗുരുതരമായിരുന്നു.
കുടുംബത്തിന് പിന്തുണയുമായി ധനസമാഹരണം
ഇസബെല്ലയുടെ അമ്മ റേച്ചൽ ബക്കിനെ സഹായിക്കുന്നതിനായി ആരംഭിച്ച GoFundMe ധനസമാഹരണത്തിൽ കുടുംബത്തിനും ഇസബെല്ലയെ സ്നേഹിച്ചിരുന്ന നിരവധി പേർക്കും ഈ നഷ്ടം താങ്ങാനാവാത്തതാണെന്ന് സംഘാടക ഷെയ്ലി റയാൻ കുറിച്ചു. “ഇത്രയും ചെറുപ്പത്തിൽ, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും അനുഭവിക്കാനിരിക്കെ ഒരാളെ നഷ്ടപ്പെടുന്നതിന്റെ വേദന വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അവൾക്ക് ഇനിയും ഒരുപാട് ജന്മദിനങ്ങളും ഓർമകളും ചിരിയും യാത്രകളും ലഭിക്കേണ്ടതായിരുന്നു,” അവർ കുറിച്ചു. ഇസബെല്ലയുടെ സംസ്കാരച്ചെലവുകൾ വഹിക്കാനും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാനുമാണ് ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. അവൾ അർഹിക്കുന്ന മനോഹരമായ യാത്രയയപ്പ് നൽകാൻ കുടുംബത്തെ സഹായിക്കുകയാണ് ലക്ഷ്യം.
നവംബർ 30ന് മെഴുകുതിരി തെളിച്ച് അനുസ്മരണം
ഇസബെല്ലയുടെ ഓർമയ്ക്കായി നവംബർ 30 തിങ്കളാഴ്ച ഗോൾഡ് കോസ്റ്റിലെ ബ്രോഡ്ബീച്ച് പാർക്കിൽ പൊതുജനങ്ങൾക്കായി മെഴുകുതിരി തെളിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. A Light for Isabella – Forever 15 എന്നാണ് പരിപാടിയുടെ പേര്. സുഹൃത്തുക്കളും ബന്ധുക്കളും പൊതുസമൂഹവും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. നേരിട്ട് എത്താൻ കഴിയാത്തവർ എവിടെയായിരുന്നാലും ഒരു മെഴുകുതിരി തെളിച്ച് ഇസബെല്ലയെ ഓർക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. ഇസബെല്ല ജനിച്ച സമയമായ രാത്രി 9.06ന് മെഴുകുതിരി തെളിക്കുകയോ വെളിച്ചം പകരുകയോ ഒരു നിമിഷം അവളെ ഓർക്കുകയോ ചെയ്യണമെന്ന് ഷെയ്ലി റയാൻ പറഞ്ഞു. ഇസബെല്ലയുടെ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങൾ ഓഫ് ചെയ്തിട്ട് ഒരാഴ്ച തികയുന്ന ദിവസമായും ഇത് മാറും. ഒരു കുടുംബവും ഒരിക്കലും നേരിടേണ്ടിവരരുതാത്ത വേദനയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
14കാരനെതിരെ ഗുരുതര കുറ്റങ്ങൾ
അപകടസമയത്ത് കാർ ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 14കാരനെതിരെ മരണത്തിനോ ഗുരുതരമായ ശാരീരിക പരിക്കിനോ കാരണമാകുന്ന അപകടകരമായ വാഹനമോടിക്കൽ ഉൾപ്പെടെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മോഷ്ടിച്ച വാഹനം നിയമവിരുദ്ധമായി ഉപയോഗിക്കൽ, കുറ്റകൃത്യം ചെയ്യുന്നതിനായി പരിസരത്ത് അതിക്രമിച്ചുകയറൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നവംബർ 16ന് ബ്രിസ്ബേൻ ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 2027 ജനുവരിയിൽ വീണ്ടും കോടതിയിൽ ഹാജരാകണം.