32-കാരനായ ഒമേഗ റസ്റ്റൺ  (Supplied)
Queensland

പിതാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രധാന പ്രതിക്കെതിരെയുള്ള കൊലപാതകക്കുറ്റം ഒഴിവാക്കി

തിങ്കളാഴ്ച ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, കുറ്റം തെളിയിക്കാനാവശ്യമായ മതിയായ തെളിവുകൾ തങ്ങളുടെ പക്കലില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുകയായിരുന്നു.

Safvana Jouhar

ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റിൽ 'ഓസ്ട്രേലിയ ദിനത്തിൽ' നടന്ന റോഡ് പ്രകോപനത്തിനിടെ (Road rage) രണ്ട് കുട്ടികളുടെ പിതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്കെതിരെയുമുള്ള കൊലപാതകക്കുറ്റം പ്രോസിക്യൂഷൻ ഒഴിവാക്കി. 2009 ജനുവരി 26-ന് 32-കാരനായ ഒമേഗ റസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ പോൾ യൂനാനെതിരെ ചുമത്തിയിരുന്ന മർഡർ ചാർജാണ് ക്വീൻസ്ലാൻഡ് പ്രോസിക്യൂഷൻ ഒഴിവാക്കിയത്. തിങ്കളാഴ്ച ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, കുറ്റം തെളിയിക്കാനാവശ്യമായ മതിയായ തെളിവുകൾ തങ്ങളുടെ പക്കലില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുകയായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ശിക്ഷിക്കാൻ സാധ്യതയില്ലെന്ന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് (DPP) വക്താവും സ്ഥിരീകരിച്ചു.

2009 ജനുവരി 26-ന് രാത്രി 10.25-ഓടെ ഗോൾഡ് കോസ്റ്റ് ഹൈവേയിലൂടെ തന്റെ വൈറ്റ് ഹോൾഡൻ റോഡിയോ പിക്കപ്പ് വാനിൽ യാത്ര ചെയ്യുകയായിരുന്ന ഒമേഗ റസ്റ്റൺ, റോഡിലുണ്ടായ തർക്കത്തെ തുടർന്ന് വെടിയേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു. വർഷങ്ങളോളം തെളിയാതെ കിടന്ന ഈ കേസ് 2020-ൽ കോൾഡ് കേസ് ഇൻവെസ്റ്റിഗേഷൻ ടീം പുനരന്വേഷിക്കുകയും, 2022-ൽ പോൾ യൂനാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കെതിരെയുണ്ടായിരുന്ന കൊലപാതകക്കുറ്റങ്ങൾ തെളിവില്ലാത്തതിനാൽ 2025 ഒക്ടോബറിൽ തന്നെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ പോൾ യൂനാനെതിരെയുള്ള കുറ്റവും ഒഴിവാക്കപ്പെട്ടതോടെ, വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കേസിൽ കൊലപാതകക്കുറ്റം നേരിടുന്ന പ്രതികളാരും ഇല്ലാത്ത സ്ഥിതിയായി.

കൊലപാതകക്കുറ്റത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, വ്യാജ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് (Perjury) 27 കേസ്സുകൾ പോൾ യൂനാന്റെ പേരിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 12-ന് ഈ കേസുകൾ കോടതി വീണ്ടും പരിഗണിക്കും. കേസിൽ ക്വീൻസ്ലാൻഡ് കൊറോണേഴ്സ് കോടതി അന്വേഷണം തുടരുന്നുണ്ടെങ്കിലും, ഔദ്യോഗിക അന്വേഷണ വിചാരണയെക്കുറിച്ചുള്ള (Inquest) അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT