ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിർമ്മാണം ആരംഭിക്കുന്ന ഏറ്റവും വലിയ കാറ്റാടിപ്പാടമായ (Wind Farm) 'ഗവാരാ ബയ' പദ്ധതിക്കെതിരെ പ്രാദേശികവാസികളുടെ ശക്തമായ പ്രതിഷേധം. നോർത്ത് ക്വീൻസ്‌ലൻഡിലെ ഇംഗാമിന് സമീപമുള്ള മൗണ്ട് ഫോക്സ് അഗ്നിപർവ്വത മേഖലയിൽ 68 ഭീമൻ കാറ്റാടികളും 100 മെഗാവാട്ട് ബാറ്ററി സംഭരണശേഷിയുമുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനിരിക്കെയാണ് തദ്ദേശവാസികൾ ആശങ്കയുമായി രംഗത്തെത്തിയത്. വെറും 84 ആളുകൾ മാത്രം താമസിക്കുന്ന ശാന്തവും ജൈവവൈവിധ്യ സമ്പന്നവുമായ മൗണ്ട് ഫോക്സിന്റെ തനത് പരിസ്ഥിതിയെ ഈ പദ്ധതി തകർക്കുമെന്നാണ് നാട്ടുകാരുടെ പരാതി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള വെറ്റ് ട്രോപിക്സിന് (Wet Tropics) അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് 140 മീറ്റർ ഉയരമുള്ള കൂറ്റൻ കാറ്റാടികൾ സ്ഥാപിക്കുന്നത്. വന്യജീവികൾക്കും ഗ്രേറ്റ് ബാരിയർ റീഫിനും പദ്ധതി ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ 'കീപ്പ് മൗണ്ട് ഫോക്സ് വൈൽഡ്' എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിലാണ്. എന്നാൽ കർശനമായ പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും 500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും നിർമ്മാണച്ചുമതലയുള്ള ഡാനിഷ് കമ്പനിയായ കോപ്പൻഹേഗൻ ഇൻഫ്രാസ്ട്രക്ചർ പാർട്ണേഴ്സ് (CIP) വ്യക്തമാക്കി. 2030-ഓടെ രാജ്യത്തെ 82 ശതമാനം വൈദ്യുതി പുനരുപയോഗ ഊർജ്ജമാക്കാനുള്ള ഫെഡറൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിർണ്ണായക ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് ഊർജ്ജ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുമ്പോഴും, ബൾഡോസറുകൾക്ക് മുന്നിൽ കിടന്നും പദ്ധതി തടയുമെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.