കെയ്ൻസ് (ക്വീൻസ്‌ലാന്റ്): ഒരു കാലത്ത് ഹോളിവുഡ് സൂപ്പർതാരങ്ങളായ ബ്രാഡ് പിറ്റ്, കീനു റീവ്സ്, ജെന്നിഫർ ആനിസ്റ്റൺ എന്നിവരുടെ പ്രിയപ്പെട്ട ആഡംബര വിനോദസഞ്ചാര കേന്ദ്രമായിരുന്ന ക്വീൻസ്‌ലാന്റിലെ പ്രശസ്തമായ 'ഡബിൾ ഐലൻഡ്' (Double Island) റിസോർട്ടിന് പുതിയ ഉടമകൾ. ദശാബ്ദത്തിലേറെയായി യാതൊരു സംരക്ഷണവുമില്ലാതെ നശിച്ചുകിടന്നിരുന്ന ഈ ഉഷ്ണമേഖലാ ദ്വീപ് ഓസ്‌ട്രേലിയൻ വ്യവസായിയും കമ്പ്യൂട്ടർഷെയർ കമ്പനി സ്ഥാപകനുമായ ക്രിസ് മോറിസിന്റെ ഉടമസ്ഥതയിലുള്ള 'മോറിസ് ഗ്രൂപ്പിന്' ലീസ് വ്യവസ്ഥയിൽ കൈമാറിയതായി ക്വീൻസ്‌ലാന്റ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി അറിയിച്ചു.
പരമ്പരാഗത ഉടമസ്ഥരായ യിർഗൻജി (Yirrganydji) ജനത 'വാംഗൽ ജുങ്കായ്' എന്ന് വിളിക്കുന്ന ഈ ദ്വീപിൽ 40 മില്യൺ ഡോളറിന്റെ (ഏകദേശം 220 കോടിയിലധികം ഇന്ത്യൻ രൂപ) ബൃഹത്തായ നവീകരണ പ്രവർത്തനങ്ങളാണ് മോറിസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നാല് വർഷം നീണ്ടുനിൽക്കുന്ന നാല് ഘട്ടങ്ങളായുള്ള വികസന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രവേശനമുള്ള പ്രത്യേക പോണ്ടൂൺ (Pontoon), സൂര്യാസ്തമയം ആസ്വദിക്കാനുള്ള സൺസെറ്റ് ബാർ, 24 ആഡംബര വില്ലകൾ, ഹെലികോപ്റ്റർ പാഡ്, അത്യാധുനിക റെസ്റ്റോറന്റ് എന്നിവ ഇവിടെ പുതുതായി നിർമ്മിക്കുമെന്ന് ടൂറിസം ട്രോപ്പിക്കൽ നോർത്ത് ക്വീൻസ്‌ലാന്റ് സി.ഇ.ഓ മാർക്ക് ഓൾസെൻ വ്യക്തമാക്കി. ഈ വർഷം തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഹോങ്കോങ് ശതകോടീശ്വരനിൽ നിന്നും പിടിച്ചെടുത്ത ദ്വീപ്:
2012-ൽ ഹോങ്കോങ് ശതകോടീശ്വരനായ ബെന്നി വു 5.68 മില്യൺ ഡോളറിനാണ് ഈ ദ്വീപിന്റെ ലീസവകാശം സ്വന്തമാക്കിയത്. 2099 വരെ നീണ്ടുനിൽക്കുന്ന കരാർ പ്രകാരം റിസോർട്ട് കൃത്യമായി പരിപാലിക്കണമെന്നും വിനോദസഞ്ചാരികൾക്കായി തുറന്നുനൽകണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാൽ ബെന്നി വുവിന്റെ കമ്പനി ദ്വീപിനെ പൂർണ്ണമായും അവഗണിക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തതോടെ 2024 ജൂണിൽ ക്വീൻസ്‌ലാന്റ് പ്ലാനിങ് ആൻഡ് എൻവയോൺമെന്റ് കോടതി ലീസ് കരാർ റദ്ദാക്കി ദ്വീപ് തിരിച്ചുപിടിക്കാൻ സർക്കാരിന് അനുമതി നൽകി. തുടർന്നാണ് 2025-ന്റെ തുടക്കത്തിൽ ഈ ദ്വീപിനെ സർക്കാർ പൂർണ്ണ പൊതുസ്വത്താക്കി മാറ്റുകയും ആഗോള ടെൻഡർ വഴി മോറിസ് ഗ്രൂപ്പിന് കൈമാറുകയും ചെയ്തത്.
2018-ന് ശേഷം ആദ്യമായി യോർക്കീസ് നോബിൽ (Yorkeys Knob) നിന്ന് ഇവിടേക്ക് പ്രത്യേക ഫെറി സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും മാർക്ക് ഓൾസെൻ കൂട്ടിച്ചേർത്തു. വൻകിട വിനോദസഞ്ചാരികളെയും ആഡംബര യാച്ചുകളെയും (Superyachts) ആകർഷിക്കാൻ പോന്ന തരത്തിലാണ് ഈ റിസോർട്ട് പുനർനിർമ്മിക്കുന്നത്. ക്വീൻസ്‌ലാന്റിലെ പ്രശസ്തമായ മൗണ്ട് മുള്ളിഗൻ ലോഡ്ജ്, പെലോറസ്, ഓർഫിയസ് ദ്വീപുകൾ, ടൗൺസ്‌വില്ലിലെ 'ദി വില്ലെ റിസോർട്ട് ആൻഡ് കാസിനോ' എന്നിവയും മോറിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.