കെയിൻസ്: വടക്കൻ ക്വീൻസ്‌ലൻഡിൽ വിവിധ തേനീച്ച വളർത്തൽ കേന്ദ്രങ്ങളിൽനിന്ന് ഏകദേശം എട്ട് ലക്ഷം തേനീച്ചകളെ മോഷ്ടിച്ചതായി ആരോപണം. പതിനായിരക്കണക്കിന് ഓസ്‌ട്രേലിയൻ ഡോളർ വിലമതിക്കുന്ന തേനീച്ചക്കൂടുകളാണ് മോഷണം പോയത്. വരോവ മൈറ്റ് പരാന്നജീവിയുടെ വ്യാപനത്തിൽ ഇതിനകം പ്രതിസന്ധിയിലായ തേനീച്ച വളർത്തൽ മേഖലയ്ക്ക് പുതിയ സംഭവം തിരിച്ചടിയായി.
കെയിൻസിന് പടിഞ്ഞാറുള്ള അതർട്ടൺ ടേബിൾലാൻഡ്സിലെ തേനീച്ച വളർത്തൽ വിദഗ്ധനായ ടോം ബിഡ്നർ പറയുന്നതനുസരിച്ച് മൂന്ന് തേനീച്ച വളർത്തുകാരുടെ വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി 44 കോളനികളാണ് മോഷ്ടിക്കപ്പെട്ടത്. ഒരു തേനീച്ചക്കൂടിൽ കുറഞ്ഞത് 20,000 തേനീച്ചകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 44 കോളനികളിലായി എട്ട് ലക്ഷത്തിലധികം തേനീച്ചകളാണ് നഷ്ടമായതെന്ന് ബിഡ്നർ പറഞ്ഞു.
വ്യത്യസ്ത പ്രദേശങ്ങളിലെ പല സ്ഥലങ്ങളിൽ നിന്നാണ് മോഷണം നടന്നത്. പ്രത്യേക ഉപകരണങ്ങളും ആസൂത്രിതമായ പ്രവർത്തനവും ആവശ്യമായ രീതിയിലാണ് തേനീച്ചകളെ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ കൂടും കൊണ്ടുപോകുന്നതിന് പകരം കൂടിനുള്ളിലെ ‘ബ്രൂഡ് ബോക്സ്’ മാത്രമാണ് മോഷ്ടാക്കൾ എടുത്തതെന്നാണ് വിവരം. തുടർന്ന് തേനീച്ചകളുടെ ഫ്രെയിമുകൾ സ്വന്തം പെട്ടികളിലേക്ക് മാറ്റി പഴയ കൂടുകൾ അതേപടി തിരിച്ചുവയ്ക്കുകയായിരുന്നു. ഇതോടെ പുറത്തുനിന്ന് നോക്കുമ്പോൾ കൂടിൽ ഇടപെടൽ നടന്നതായി തിരിച്ചറിയാൻ പ്രയാസമാണ്.
കൂടുകളിലുണ്ടായിരുന്ന തേൻ മോഷ്ടാക്കൾ എടുത്തില്ലെന്നും ബിഡ്നർ പറഞ്ഞു. സംഭവത്തിന് പിന്നിൽ തേനീച്ച വളർത്തൽ മേഖലയുമായി പരിചയമുള്ളവരാകാമെന്നാണ് അദ്ദേഹത്തിന്റെ സംശയം. മോഷണം മൂലം തേനീച്ചകളെ മാത്രമല്ല, പരാഗണ സേവന കരാറുകളിൽനിന്നുള്ള വരുമാനവും നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കരാറുകൾക്ക് ആയിരക്കണക്കിന് ഡോളർ വരെ മൂല്യമുണ്ടാകാം. തേനീച്ചകളുടെ അഭാവം വിളകളുടെ പരാഗണത്തെയും ബാധിക്കുകയും കർഷകർക്ക് ഗുണമേന്മയുള്ള പൂക്കളും വിളവും ലഭിക്കുന്നതിൽ തിരിച്ചടി ഉണ്ടാക്കുകയും ചെയ്യും.
വടക്കൻ ക്വീൻസ്‌ലൻഡിൽ ഇപ്പോൾ അവക്കാഡോ സീസണിന്റെ തിരക്കേറിയ സമയമാണ്. പ്രാദേശിക കർഷകരുടെ കരാർ അടിസ്ഥാനത്തിലുള്ള പരാഗണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ വിവിധ കൃഷിയിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്. ചില കൂടുകൾ ഹൈവേയുടെ വശങ്ങളിലും സൂക്ഷിക്കാറുണ്ട്. മറീബ റൂറൽ ആൻഡ് സ്റ്റോക്ക് ക്രൈം സ്ക്വാഡിലെ ഡിറ്റക്ടീവ് സർജന്റ് ബെൻ ക്രോസും മോഷണത്തിന് പിന്നിൽ ഒരു ഹോബി തേനീച്ച വളർത്തുകാരനേക്കാൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്ന വ്യക്തിയാകാനാണ് സാധ്യതയെന്ന് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇതിനിടെ വടക്കൻ ക്വീൻസ്‌ലൻഡിലെ തേനീച്ച വളർത്തൽ മേഖലയെ വരോവ മൈറ്റ് ഭീഷണിയും ബാധിക്കുന്നുണ്ട്. കെയിൻസിന് തെക്കുഭാഗത്ത് ഒരാഴ്ച മുമ്പാണ് മേഖലയിൽ ആദ്യമായി വരോവ മൈറ്റ് കണ്ടെത്തിയത്. 2022ൽ ന്യൂകാസിലിൽ പരാന്നജീവി കണ്ടെത്തിയതുമുതൽ അതിന്റെ വ്യാപനം തടയുന്നതിനായി ഓസ്‌ട്രേലിയ 100 മില്യൺ ഡോളറിലധികം ചെലവഴിച്ചതായി ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ പ്രൊഫസർ മേഗൻ ഒ’മാര പറഞ്ഞു. നിലവിൽ ലഭ്യമായ ചികിത്സകൾക്ക് പരിമിതമായ ഫലപ്രാപ്തിയാണുള്ളതെന്നും അവർ വ്യക്തമാക്കി. വരോവ മൈറ്റിന്റെ നിയന്ത്രണമില്ലാത്ത വ്യാപനം അടുത്ത 30 വർഷത്തിനിടെ വ്യവസായത്തിന് ഒരു ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാക്കാമെന്നാണ് കണക്കാക്കുന്നത്. 2023ൽ പരാന്നജീവിയെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമം ഓസ്‌ട്രേലിയ ഔദ്യോഗികമായി ഉപേക്ഷിച്ചിരുന്നു. കോവിഡ്-19 കാലത്ത് വികസിപ്പിച്ച എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സ ഉൾപ്പെടെ കൂടുതൽ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിലും ഒ’മാര പങ്കാളിയാണ്. എന്നാൽ പുതിയ ചികിത്സകൾ പ്രായോഗികമാകാൻ ഏതാനും വർഷങ്ങൾ കൂടി വേണ്ടിവരുമെന്ന് അവർ പറഞ്ഞു. വരോവ മൈറ്റിന്റെ ഭീഷണിയും തേനീച്ച മോഷണവും തേനീച്ച വളർത്തൽ മേഖലയ്ക്ക് ഒരേസമയം നേരിടേണ്ടിവരുന്ന ഇരട്ട തിരിച്ചടിയാണെന്ന് ബിഡ്നർ പറഞ്ഞു. ചൂടേറിയ കാലാവസ്ഥ കാരണം വടക്കൻ ക്വീൻസ്‌ലൻഡിൽ തേനീച്ചകൾ വർഷം മുഴുവൻ കുഞ്ഞുങ്ങളെ വളർത്തുന്നതിനാൽ വരോവ മൈറ്റ് വ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കോളനികളിൽ ഇതുവരെ വരോവ മൈറ്റ് കണ്ടെത്തിയിട്ടില്ലെങ്കിലും അതിനെതിരായ നിരീക്ഷണത്തിനാണ് സമയവും വിഭവങ്ങളും കൂടുതൽ ചെലവഴിക്കേണ്ടിയിരുന്നതെന്നും മോഷണ പരമ്പര പുതിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും ബിഡ്നർ വ്യക്തമാക്കി.