ബ്രിസ്ബേനിൽ ഒരാഴ്ചയിലേറെയായി കാണാതായിരുന്ന പെർത്ത് സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി. ഖനന മേഖലയിലെ പ്രമുഖ കമ്പനിയായ BHP-യിൽ AI ബിഹേവിയറൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന 32കാരനായ സൈമൺ തുയിസ് (Simon Thuijs) മരിച്ചതായി കുടുംബം ബുധനാഴ്ച സ്ഥിരീകരിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയും മകനും സഹോദരനും അമ്മാവനുമായ സൈമൺ തുയിസ് ദാരുണമായ അപകടത്തെത്തുടർന്ന് അന്തരിച്ചു എന്ന വാർത്ത അതിയായ ദുഃഖത്തോടെയാണ് പങ്കുവയ്ക്കുന്നത്,” കാണാതായ സൈമണെ കണ്ടെത്തുന്നതിനായി ആരംഭിച്ച ഫേസ്ബുക്ക് പേജിലൂടെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ആൽബിയനിൽ കണ്ടെത്തിയ മൃതദേഹം സൈമണിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി ക്വീൻസ്ലാൻഡ് പൊലീസ് വക്താവ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ജോലി ആവശ്യത്തിനായി പെർത്തിൽ നിന്ന് ബ്രിസ്ബേനിലെത്തിയ സൈമൺ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുകയും മടങ്ങാനുള്ള നിശ്ചിത വിമാനത്തിൽ കയറാതിരിക്കുകയും ചെയ്തതോടെയാണ് ആശങ്ക ഉയർന്നത്.
നവംബർ 14-ന് ആരോഗ്യപ്രശ്നത്തെത്തുടർന്ന് റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിലെത്തിയ സൈമണെ പിന്നീട് ആശുപത്രിയിൽനിന്ന് പുറത്തുപോകുന്നതായാണ് അവസാനമായി കണ്ടത്. ഏകദേശം മൂന്ന് വർഷമായി പങ്കാളിയായ അഗസ്റ്റിൻ ഗാർസിയ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, തലേദിവസം രാത്രി “Love you lots” എന്ന സന്ദേശമാണ് സൈമണിൽനിന്ന് അവസാനമായി ലഭിച്ചത്. സൈമണെ കണ്ടെത്താൻ കുടുംബാംഗങ്ങൾ പൊതുജനങ്ങളുടെ സഹായം തേടുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. നിരവധി സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ പങ്കുചേർന്നു.
തിരച്ചിലിന് സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. പോസ്റ്ററുകൾ പങ്കുവെച്ചവർക്കും സുഹൃത്തുക്കളെ ബന്ധപ്പെട്ടവർക്കും പ്രാർത്ഥനകളിലൂടെയും പിന്തുണയിലൂടെയും ഒപ്പം നിന്നവർക്കും കുടുംബം നന്ദി രേഖപ്പെടുത്തി. സൈമണെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ക്വീൻസ്ലാൻഡ് പൊലീസിന്റെ ആത്മാർഥമായ ഇടപെടലിനെയും കുടുംബം പ്രശംസിച്ചു. “സൈമൺ ചുറ്റുമുള്ള എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം നിരവധി പേരെ സ്പർശിച്ചു. അദ്ദേഹം നൽകിയ സ്നേഹവും ഒരുമിച്ചുള്ള ഓർമകളും എന്നും ഞങ്ങളോടൊപ്പമുണ്ടാകും,” കുടുംബം പ്രസ്താവനയിൽ പറഞ്ഞു.