ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമും ഇന്ത്യ അണ്ടർ 19 ടീമും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് 226 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി മലയാളിയായ ജോണ്‍ ജെയിംസ് മിന്നും പ്രകടനം നടത്തി. 68 പന്തില്‍ താരം പുറത്താകാതെ 77 റൺസ് നേടി. വയനാട്, പുല്‍പള്ളിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോണ്‍. ടോം ഹോഗന്‍ (41), സ്റ്റീവന്‍ ഹോഗന്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും കിഷന്‍ കുമാര്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (22 പന്തില്‍ 38), ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വിഹാന്‍ മല്‍ഹോത്ര (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വേദാന്ദ് ത്രിവേദി (31), അഭിഗ്യാന്‍ കുണ്ടു (16) എന്നിവരാണ് ക്രീസില്‍.