2023–27 Fire Ant Response Plan-ന്റെ ഭാഗമായാണ് പുതിയ നടപടി.  (Supplied)
Queensland

ഓസ്ട്രേലിയയിൽ ഫയർ ആന്റ് നിർമാർജന പദ്ധതി വ്യാപിപ്പിക്കുന്നു; 2032ഓടെ തുടച്ചുനീക്കാൻ ലക്ഷ്യം

ബ്രിസ്ബെയ്ൻ, ഗോൾഡ് കോസ്റ്റ്, മോറ്ട്ടൺ ബേ മേഖലകൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ നിർമാർജന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ.

Safvana Jouhar

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ഏറ്റവും അപകടകാരികളായ അധിനിവേശ കീടങ്ങളിൽ ഒന്നായ ഫയർ ആന്റുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കാനുള്ള നിർമാർജന പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിലെ പുതിയ സബർബുകളിലേക്ക് ചികിത്സാ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതോടെയാണ് പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടന്നത്. National Fire Ant Eradication Program-ന്റെ ഭാഗമായി ഇപ്സ്വിച്ച്, ലോക്കയർ വാലി, ലോഗൻ, സീനിക് റിം, സോമർസെറ്റ് മേഖലകളിലാണ് വ്യോമമാർഗമുള്ള ചികിത്സ ആരംഭിച്ചത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ബാധിത പ്രദേശങ്ങളിൽ പ്രത്യേക ബെയ്റ്റ് വിതരണം ചെയ്യുന്നുണ്ട്. വ്യോമമാർഗം ചികിത്സ നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഗ്രൗണ്ട് ടീമുകളും നേരിട്ടെത്തി നടപടികൾ സ്വീകരിക്കും. ബ്രിസ്ബെയ്ൻ, ഗോൾഡ് കോസ്റ്റ്, മോറ്ട്ടൺ ബേ മേഖലകൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ നിർമാർജന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. ഫയർ ആന്റുകളുടെ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ പ്രതിവർഷം ഏകദേശം 2 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

2023–27 Fire Ant Response Plan-ന്റെ ഭാഗമായാണ് പുതിയ നടപടി. 2032ഓടെ ഓസ്ട്രേലിയയിൽ നിന്ന് ഫയർ ആന്റുകളെ പൂർണമായും നിർമാർജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ പ്രദേശത്തും ഒന്നിലധികം ഘട്ടങ്ങളിലായി ചികിത്സ നടത്തിയ ശേഷം ശേഷിക്കുന്ന കൂടുകൾ കണ്ടെത്തുന്നതിനായി നിരീക്ഷണ ഘട്ടത്തിലേക്ക് മാറ്റും. നിർമാർജന മേഖലയിൽ ഉൾപ്പെടുന്ന വീടുകളിലെ താമസക്കാരെ അധികൃതർ അറിയിക്കും. ചികിത്സാ നടപടികൾ പൂർത്തിയാക്കുന്നതിനായി അംഗീകൃത ഉദ്യോഗസ്ഥർക്ക് വീടുകളിലേക്കും സ്വകാര്യ ഭൂമിയിലേക്കും പ്രവേശനം അനുവദിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 2032ഓടെ ഫയർ ആന്റുകളെ ഓസ്ട്രേലിയയിൽ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലെ നിർണായക മുന്നേറ്റമാണ് ചികിത്സാ മേഖലയുടെ വ്യാപനമെന്ന് നാഷണൽ ഫയർ ആന്റ് എറാഡിക്കേഷൻ പ്രോഗ്രാം എക്സിക്യൂട്ടീവ് പ്രോഗ്രാം ഡയറക്ടർ മൈക്കൽ ഹോംഡൻ പറഞ്ഞു.

അതേസമയം, വർഷങ്ങളായുള്ള ഫണ്ടിന്റെ കുറവിന് ശേഷം നിർമാർജന പദ്ധതി ഇപ്പോൾ ഫലപ്രദമായി മുന്നേറുന്നതിന്റെ സൂചനയാണ് പുതിയ നടപടികളെന്ന് Invasive Species Council അഡ്വക്കസി ഡയറക്ടർ റീസ് പിയാന്റ പറഞ്ഞു. എന്നാൽ പദ്ധതിക്ക് ആവശ്യമായ സർക്കാർ പിന്തുണ തുടർന്നും ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫയർ ആന്റുകൾ മനുഷ്യർ, വളർത്തുമൃഗങ്ങൾ, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ലോക്കയർ വാലി മേയർ താന്യ മില്ലിഗൻ പറഞ്ഞു. പദ്ധതി വിജയിക്കുന്നതിൽ ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ടെറിട്ടറികൾക്കും പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പൂർണ നിർമാർജന നടപടികൾ ആരംഭിക്കാത്ത പ്രദേശങ്ങളിലെ താമസക്കാർക്ക് സ്വന്തം സ്ഥലങ്ങളിൽ ഫയർ ആന്റുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന Fire Ant Suppression Taskforce-ന്റെ പ്രവർത്തനവും തുടരുകയാണ്. നിലവിലെ ചികിത്സാ മേഖലയിൽ തങ്ങളുടെ സബർബ് ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും ഫയർ ആന്റുകളെ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കാനും ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

SCROLL FOR NEXT