സിഡ്‌നിയുടെ കിഴക്കൻ ഭാഗമായ മാരൂബ്ര ബീച്ചിന് സമീപം നൂറ്റാണ്ട് പഴക്കമുള്ള കപ്പൽ അവശിഷ്ടം വീണ്ടും മണലിനടിയിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഉണ്ടായ ശക്തമായ തിരമാലകൾ ബീച്ചിന്റെ വടക്കൻ അറ്റത്ത് നിന്ന് മണൽ നീക്കം ചെയ്തതോടെയാണ് ഹിയർവേഡ് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ പുറത്ത് കാണപ്പെട്ടത്.
1898 മേയ് 5-ന് രാത്രിയിലാണ് 1,513 ടൺ ഭാരമുള്ള ഇരുമ്പ് കപ്പൽ ന്യൂ സൗത്ത് വെയിൽസ് തീരത്ത് നിന്ന് യാത്ര ചെയ്യുന്നതിനിടെ ശക്തമായ കാറ്റിൽ പെട്ട് പാത തെറ്റി മാരൂബ്ര ബീച്ചിൽ അടിച്ചുകയറിയത്. കപ്പലിലെ 25 അംഗങ്ങളെയും സുരക്ഷിതമായി കരയിലേക്കെത്തിക്കാൻ കഴിഞ്ഞു. എന്നാൽ കപ്പലിനു പിന്നീടു കടലിലേക്ക് പോകാനായില്ല. അതേവർഷം അവസാനം ശക്തമായ തിരമാലകളിൽപെട്ട് കപ്പല്‍ രണ്ടായി പൊട്ടി. സർഫർമാരുടെ സുരക്ഷയ്ക്കായി 1950-60 കാലഘട്ടങ്ങളിൽ റാൻഡ്‌വിക്ക് സിറ്റി കൗൺസിലും നാവിക സേനയും ചേർന്ന് കപ്പലിന്റെ ചില ഭാഗങ്ങൾ പൊട്ടിച്ചുകളഞ്ഞിരുന്നു
2013-ൽ കപ്പൽ അവസാനമായി പൂർണ്ണമായി പ്രത്യക്ഷപ്പെട്ടപ്പോൾ അതിലെ പീരങ്കി കണ്ടെത്തിയിരുന്നു. അത് പിന്നീട് മാരൂബ്ര സീല്സ് ക്ലബ്ബിലേക്ക് മാറ്റി സൂക്ഷിച്ചു.
സാധാരണ നാല് വർഷത്തിലൊരിക്കൽ ചെറിയൊരു ഭാഗം മാത്രം കാണാറുണ്ടെങ്കിലും ഇത്തവണ വലിയൊരു വിസ്തൃതിയിലാണ് പ്രത്യക്ഷപ്പെട്ടത്. കപ്പൽ അവശിഷ്ടം കടൽത്തീരത്തിൽ നിന്ന് ഏകദേശം 50 മീറ്റർ അകലത്തും മൂന്ന് മീറ്റർ ആഴത്തിലും സ്ഥിതിചെയ്യുന്നു. പ്രദേശത്ത് ശക്തമായ തിരമാലകളും പാറകളും ഉള്ളതിനാൽ പരിചയസമ്പന്നരായ ഡൈവർമാർക്ക് മാത്രമാണ് ഇവിടെ സ്നോർക്കലിംഗ് ശുപാർശ ചെയ്യുന്നത്.