ബ്രിസ്‌ബെയ്‌നിലെ ആനർലിയിലാണ് സംഭവം.  (ABC News: Chris Gillette)
Queensland

ആംബുലൻസിനായി രണ്ട് മണിക്കൂർ കാത്തിരുന്ന 53കാരൻ മരിച്ചു; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രി

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ ട്രിപ്പിൾ സീറോയിൽ (000) വിളിച്ചിരുന്നു. സമീപത്തുള്ള പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിലേക്ക് സ്വയം എത്താൻ ഇയാളോട് നിർദേശിച്ചതായാണ് റിപ്പോർട്ട്.

Safvana Jouhar

ബ്രിസ്‌ബെയ്‌നിൽ നെഞ്ചുവേദനയെ തുടർന്ന് ആംബുലൻസിനായി രണ്ട് മണിക്കൂർ കാത്തിരുന്ന 53കാരൻ വീട്ടിൽ മരിച്ച സംഭവത്തിൽ കുടുംബം മരണവിവരം അറിഞ്ഞത് മാധ്യമവാർത്തകളിലൂടെ. സംഭവത്തിൽ ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പ് മന്ത്രി ടിം നിക്കോൾസ് കുടുംബത്തോട് ക്ഷമാപണം നടത്തി. ബ്രിസ്‌ബെയ്‌നിലെ ആനർലിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ അടിയന്തര സേവനമായ ട്രിപ്പിൾ സീറോയിൽ (000) വിളിച്ചിരുന്നു. സമീപത്തുള്ള പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിലേക്ക് സ്വയം എത്താൻ ഇയാളോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, രണ്ട് മണിക്കൂറിന് ശേഷമാണ് പാരാമെഡിക്കുകൾ വീട്ടിലെത്തിയത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.

ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പ് മന്ത്രി ടിം നിക്കോൾസ്

53കാരന്റെ മരണത്തെക്കുറിച്ച് തിങ്കളാഴ്ച അറിഞ്ഞിരുന്നുവെന്ന് മന്ത്രി നിക്കോൾസ് പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്നും അതിൽ കുടുംബം ഏറെ അസ്വസ്ഥരായെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ചയാൾ ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിന്റെ രേഖകളിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നില്ലെന്നും കുടുംബാംഗങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭ്യമല്ലാതിരുന്നത് ആശയവിനിമയത്തിന് തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. സംഭവത്തിൽ കുടുംബത്തിന് വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മരിച്ചയാളുടെ കുടുംബം വ്യാഴാഴ്ച ഉച്ചയ്ക്ക് ക്വീൻസ്‌ലൻഡ് ആംബുലൻസ് സർവീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയ്ക്കും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. brഇതിനിടെ, ചൊവ്വാഴ്ച എൺപതുകളിലുള്ള മറ്റൊരു വ്യക്തിയും ചികിത്സയ്ക്കായി കാത്തിരിക്കെ മരിച്ചു. മാറ്റർ ആശുപത്രിയിൽ കിടക്ക ലഭിക്കാൻ ഏകദേശം മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടിവന്നതായാണ് റിപ്പോർട്ട്.

ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. മരണങ്ങൾ എങ്ങനെ സംഭവിച്ചു, അതിന് കാരണമായ സാഹചര്യങ്ങൾ എന്തൊക്കെയാണ്, സേവനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നിവ പരിശോധനയിലൂടെ കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആനർലിയിലെ 53കാരന്റെ മരണത്തെക്കുറിച്ച് തിങ്കളാഴ്ച വിവരം ലഭിച്ച ഉടൻ കൂടുതൽ വിവരങ്ങൾ തേടിയെന്നും ചൊവ്വാഴ്ച വീണ്ടും വിശദീകരണം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. രണ്ട് മരണങ്ങളുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT