612 ABC: Kenji Sato
Queensland

ഇ-ബൈക്ക് നിയന്ത്രണം പരാജയം; ഉദ്യോഗസ്ഥരെ അവഗണിച്ച് കൗൺസിൽ റിപ്പോർട്ട്

പ്രായപൂർത്തിയാകാത്ത ബൈക്ക് യാത്രികർ കൗൺസിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

Elizabath Joseph

ഗോൾഡ് കോസ്റ്റ്: ഇ-ബൈക്ക് യാത്രക്കാരുടെ സാമൂഹിക വിരുദ്ധ പെരുമാറ്റത്തിനെതിരെ ഗോൾഡ് കോസ്റ്റ് നഗരസഭ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഫലപ്രദമായില്ലെന്ന് കൗൺസിൽ റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ പിസി പാർക്ക് (Pizzey Park), റൺവേ ബേ (Runaway Bay) സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിൽ നാല് ആഴ്ചത്തേക്ക് ഇ-ബൈക്കുകൾ നിരോധിച്ചുകൊണ്ട് നടത്തിയ പരീക്ഷണം പരാജയപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ബൈക്ക് യാത്രികർ കൗൺസിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുകാലമായി ഇ-ബൈക്ക് യാത്രികർ വലിയ രീതിയിൽ ശല്യം സൃഷ്ടിക്കുന്നതായി പരാതികൾ ഉണ്ടായിരുന്നു. മെയ് 14-ന് റൺവേ ബേയിലെ കളിസ്ഥലങ്ങളും പൊതുശൗചാലയങ്ങളും തകർക്കുകയും പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഭവത്തിൽ 13 വയസ്സുകാരനായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പൊതുശല്യം, വസ്‌തുവകകൾ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെയ് 27-ന് സൌത്ത്പോർട്ട് ചിൽഡ്രൻസ് കോടതിയിൽ ഇയാളെ ഹാജരാക്കും.

പരീക്ഷണ കാലയളവിൽ 608 ബൈക്ക് യാത്രികരെ നിരീക്ഷിച്ചെങ്കിലും വെറും 19 ശതമാനം ആളുകളോട് മാത്രമേ ഉദ്യോഗസ്ഥർക്ക് സംസാരിക്കാൻ സാധിച്ചുള്ളൂ. വേഗത്തിൽ പോകുന്ന ബൈക്കുകൾക്ക് മുന്നിൽ കയറി നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ആർക്കും പിഴ ചുമത്താൻ സാധിച്ചില്ല. ബൈക്ക് ഓടിക്കുന്നവരിൽ 90 ശതമാനവും 18 വയസ്സിന് താഴെയുള്ളവരായിരുന്നു. സിസിടിവി നിരീക്ഷണം കൊണ്ടും ഇവരെ തടയാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൂടുതൽ പാർക്കുകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് പണം പാഴാക്കുന്നതിന് തുല്യമാണെന്നും ഇ-ബൈക്കുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

SCROLL FOR NEXT