ജോങ്‌കുച് അച്ചിയേവാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്.  (9 News)
Queensland

പാർട്ടി സംഘർഷത്തിനിടെ 21കാരന്റെ മരണം; നാല് കൗമാരക്കാർ കൂടി അറസ്റ്റിൽ

ഞായറാഴ്ച ഉച്ചയ്ക്ക് മൊറേഫീൽഡിൽ നിന്ന് 18 വയസ്സുള്ള മൂന്ന് പേരെയും 17 വയസ്സുള്ള ഒരാളെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Safvana Jouhar

ബ്രിസ്‌ബെയ്‌നിന് തെക്കുഭാഗത്ത് വാടകയ്‌ക്കെടുത്ത വീട്ടിൽ നടന്ന പാർട്ടിക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ 21കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നാല് കൗമാരക്കാർ കൂടി അറസ്റ്റിലായി. ജോങ്‌കുച് അച്ചിയേവാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. ജൂലൈ 26ന് പുലർച്ചെ ബഹ്ർസ് സ്ക്രബിലെ ഡിസ്കവറി റോഡിൽ പാർട്ടിയിലേക്ക് പുറത്തുനിന്നെത്തിയവർ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് സമീപത്തെ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അച്ചിയേവിനെ പൊലീസ് കണ്ടെത്തി. തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ യുവാവിനെ ബ്രിസ്‌ബെയ്‌നിലെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു ദിവസത്തിന് ശേഷം മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 6ന് നടത്തിയ റെയ്ഡുകളിൽ 18നും 19നും ഇടയിൽ പ്രായമുള്ള നാല് പേരെ പൊലീസ് നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മൊറേഫീൽഡിൽ നിന്ന് 18 വയസ്സുള്ള മൂന്ന് പേരെയും 17 വയസ്സുള്ള ഒരാളെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അകേഷ്യ റിഡ്ജ് സ്വദേശിയായ 18കാരനും സണ്ണിബാങ്ക് സ്വദേശിയായ 18കാരനും തിങ്കളാഴ്ച റിച്ച്ലാൻഡ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. ഡൂളൻഡെല്ല സ്വദേശിയായ 17കാരനും ഇനാല സ്വദേശിയായ 18കാരനും ബ്രിസ്‌ബെയ്ൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ലഭിച്ച പൊതുജനങ്ങളുടെ സഹായം നിർണായകമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.

SCROLL FOR NEXT