ബ്രിസ്‌ബെയ്ൻ: കളിക്കാരുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ വർധിപ്പിക്കാൻ ഇടയാക്കുന്ന ഫുട്ബോൾ ക്വീൻസ്‌ലൻഡിന്റെ (FQ) പുതിയ ഫീസ് പരിഷ്കരണത്തിനെതിരെ നൂറിലധികം പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകൾ സംയുക്തമായി രംഗത്ത്. 2027 മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'കോമ്പറ്റീഷൻ ആക്സസ് ഫീ' (CAF) അടിയന്തരമായി മരവിപ്പിക്കണമെന്നും ഭരണസമിതി സുതാര്യത ഉറപ്പാക്കണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെട്ടു. നിലവിലെ ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിൽ രജിസ്ട്രേഷൻ ഫീസ് ഇനിയും ഉയരുന്നത് കുട്ടികളെയും കായികപ്രേമികളെയും ഫുട്ബോളിൽ നിന്ന് അകറ്റുമെന്നാണ് ക്ലബ്ബുകളുടെ മുന്നറിയിപ്പ്.
വിന്നം വുൾവ്സ് ഫുട്ബോൾ ക്ലബ് പ്രസിഡന്റ് റാബിഹ് ക്രയേം 71 ക്ലബ്ബുകൾക്ക് വേണ്ടി ഫുട്ബോൾ ക്വീൻസ്‌ലൻഡിന് നിവേദനം നൽകി. പുതിയ ഘടനയനുസരിച്ച് ഭരണസമിതി ക്ലബ്ബുകളിൽ നിന്ന് ഈടാക്കുന്ന തുകയിൽ 64.6 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നും, ക്ലബ്ബുകൾക്ക് ഇത് സ്വന്തം നിലയിൽ താങ്ങാനാവില്ലെന്നും ഇത് കളിക്കാരുടെ രക്ഷിതാക്കളിലേക്ക് ഉയർന്ന ഫീസായി കൈമാറേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കാൻ ഫീസ് നിരക്കുകൾ കുറയ്ക്കണമെന്ന് ക്വീൻസ്‌ലൻഡ് പ്രീമിയർ ഡേവിഡ് ക്രിസാഫുല്ലിയും കായിക ഭരണസമിതികളോട് ആവശ്യപ്പെട്ടു. എന്നാൽ ഫീസ് വർധിച്ചിട്ടുണ്ടെന്ന ആരോപണം ഫുട്ബോൾ ക്വീൻസ്‌ലൻഡ് നിഷേധിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് ക്വീൻസ്‌ലൻഡിലാണെന്നും, പുതിയ മാറ്റങ്ങൾ വഴി ഒരാൾക്ക് പത്ത് ഡോളറിൽ താഴെയുള്ള വ്യത്യാസം മാത്രമേ വരികയുള്ളൂവെന്നും ഭരണപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ഇത്തരമൊരു മാറ്റമെന്നും അധികൃതർ വിശദീകരിച്ചു.