ഗോൾഡ് കോസ്റ്റ് ഹിൻറർലാൻഡിൽ 24 മണിക്കൂറിലേറെയായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയുടെ തീവ്രശ്രമം. വെള്ളിയാഴ്ച ഉച്ചയോടെ വോങ്കവല്ലൻ ഗള്ളിയിൽ ആരംഭിച്ച തീ സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാൻ 30ലേറെ സംഘങ്ങളാണ് രംഗത്തുള്ളത്. തീ പടർന്നതോടെ വീടുകൾക്ക് സമീപം നിയന്ത്രിതമായി തീ കത്തിച്ച് മുന്നോട്ട് പോകുന്ന ‘ബാക്ക്‌ബേണിങ്’ നടപടിയിലേക്ക് സേന നീങ്ങി. കുത്തനെയുള്ള ഭൂപ്രദേശത്ത് തീ നിയന്ത്രിക്കുന്നതിനിടെ നിരവധി വീടുകൾ സംരക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് ക്വീൻസ്‌ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസസ് (QFES) അറിയിച്ചു.
രാത്രിയിലും തീ നിയന്ത്രിക്കാനുള്ള പ്രവർത്തനം തുടർന്നു. തീപിടിത്തത്തിന്റെ തീവ്രത വർധിച്ചതോടെ 20ലേറെ സംഘങ്ങൾ രാത്രിയിലും പ്രവർത്തിച്ചു. പ്രദേശത്തെ ചില വീടുകളിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലെയെത്തിയ തീ പിന്നീട് കൂടുതൽ ആശങ്ക സൃഷ്ടിച്ചു. തീ അണയ്ക്കുന്നതിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് കാലിന് പരിക്കേറ്റപ്പോൾ മറ്റ് രണ്ടുപേർക്ക് ചൂടും പുകയും മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകി. കുത്തനെയുള്ള മലഞ്ചെരിവുകളിലാണ് സന്നദ്ധപ്രവർത്തകരടക്കമുള്ള അഗ്നിശമന സേനാംഗങ്ങൾ രാത്രി മുഴുവൻ പ്രവർത്തിച്ചതെന്ന് QFES അധികൃതർ പറഞ്ഞു.
അതിനിടെ, ഉച്ചയോടെ കാറ്റിന്റെ ദിശ മാറിയത് തീ നിയന്ത്രിക്കുന്ന പ്രവർത്തനത്തിന് കൂടുതൽ വെല്ലുവിളിയായി. കനത്ത പുക മലനിരകളെ മൂടുകയും ചെയ്തു. ബാക്ക്‌ബേണിങ് പൂർത്തിയാക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി QFES അധികൃതർ വ്യക്തമാക്കി. തീ മനഃപൂർവം കത്തിച്ചതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് അഗ്നിശമന വകുപ്പ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.