ക്വീൻസ്ലാൻഡിൽ നാല് ദിവസമായി കാണാതായ 30-കാരിയായ ജാന ആംസ്‌ട്രോങ്ങിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ നാല് മാസം പ്രായമുള്ള മകനെ കൈയിൽ പിടിച്ച് കഫേയിൽ നിൽക്കുന്ന ജാനയുടെ സിസിടിവി ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്. അന്ന് ഉച്ചയ്ക്ക് ടൂവൂംബയിലെ ന്യൂടൗണിലെ വീട്ടിൽ നിന്നാണ് അവരെ അവസാനമായി കണ്ടത്.
ബുധനാഴ്ച രാവിലെ ജാനയുടെ വെള്ള ഹ്യുണ്ടായി കോന കാർ വീട്ടിൽ നിന്ന് അൽപദൂരെ റോഡിന്റെ നടുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ജാനയുടെ വീട് ഫോറൻസിക് സംഘം പരിശോധിക്കുകയും സമീപ പ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുകയും ചെയ്യുകയാണ്. നാല് മാസം പ്രായമുള്ള മകനെ ഒരിക്കലും ഉപേക്ഷിച്ച് പോകുന്ന ആളല്ല ജാനയെന്ന് സഹോദരൻ ഡീൻ ആംസ്‌ട്രോങ്ങ് പറഞ്ഞു. നിലവിൽ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണ്. ജാനയെക്കുറിച്ചോ അവരുടെ യാത്രയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെയോ ക്രൈംസ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.