ബ്രിസ്‌ബെയ്ൻ: 2032 ബ്രിസ്‌ബെയ്ൻ ഒളിമ്പിക്‌സിലെ റോയിങ് വേദിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ തെറ്റായ ഫിറ്റ്സ്റോയ് നദിയിലെ മുതലയുടെ ദൃശ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് ബിബിസി വീഡിയോ പിൻവലിച്ചു. ക്വീൻസ്‌ലാൻഡിലെ റോക്ക്ഹാംപ്ടണിലെ ഫിറ്റ്സ്റോയ് നദിക്ക് 2032 ഒളിമ്പിക്‌സിന്റെ റോയിങ് വേദിയായി അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലായിരുന്നു വിവാദ ദൃശ്യം. ‘500 മുതലകളുള്ള നദി ഒളിമ്പിക് റോയിങ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടു’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ഫിറ്റ്സ്റോയ് നദിയിൽ വലിയ മുതല നീന്തുന്ന ദൃശ്യമാണ് കാണിച്ചിരുന്നത്.
എന്നാൽ ഈ ദൃശ്യം ക്വീൻസ്‌ലാൻഡിലെ ഫിറ്റ്സ്റോയ് നദിയുടേതല്ലെന്നും ഏകദേശം 3,500 കിലോമീറ്റർ അകലെയുള്ള പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിലെ ഫിറ്റ്സ്റോയ് നദിയുടേതാണെന്നും നാഷണൽസ് നേതാവ് മാറ്റ് കനവൻ ആരോപിച്ചു. തുടർന്ന് ബിബിസി സംഭവത്തിൽ തിരുത്തൽ പ്രസിദ്ധീകരിച്ചു. ക്വീൻസ്‌ലാൻഡിലെ ഫിറ്റ്സ്റോയ് നദിക്ക് പകരം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഫിറ്റ്സ്റോയ് നദിയുടെ ദൃശ്യങ്ങളാണ് മുൻ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് ബിബിസി വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ബിബിസിയുടെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് ലഭ്യമല്ലാതായതായി റിപ്പോർട്ടുണ്ട്. അതേസമയം റോയിങ് വേദിയായി റോക്ക്ഹാംപ്ടണിനെ പരിഗണിക്കുന്നതിനെതിരെ ക്വീൻസ്‌ലാൻഡ് സർക്കാരിന് നേരത്തെ സമ്മർദമുണ്ടായിരുന്നു. 2025 മാർച്ചിലാണ് സർക്കാർ ഈ വേദി നിർദേശിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC), വേൾഡ് റോയിങ്, പാഡിൽ വേൾഡ്‌വൈഡ് എന്നിവ വേദിക്ക് അംഗീകാരം നൽകി.