മുൻ ലിബറൽ നേതാവ് സുസൻ ലേ  (Getty Image)
Queensland

‘മിഡിൽ അമേരിക്ക’ യാത്രയെ കുറിച്ച് സുസൻ ലേ

ശനിയാഴ്ച Australian Financial Review-ൽ പ്രസിദ്ധീകരിച്ച ദീർഘമായ ലേഖനത്തിൽ, തന്നെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവത്തെ ജീവിതത്തിലെ “ഏറ്റവും വലിയ ദുരന്തം” എന്നാണ് ലേ വിശേഷിപ്പിച്ചത്.

Safvana Jouhar

ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ചും തുടർന്ന് നടത്തിയ അമേരിക്കൻ യാത്രയെക്കുറിച്ചും മുൻ ലിബറൽ നേതാവ് സുസൻ ലേ ആദ്യമായി വിശദമായി പ്രതികരിച്ചു. ഒരു വർഷം പോലും പൂർത്തിയാകുന്നതിന് മുമ്പ്, ഫെബ്രുവരിയിലാണ് ഫാറർ എംപിയായ സുസൻ ലേ ലിബറൽ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞത്. നാഷണൽസുമായുണ്ടായ രണ്ട് തർക്കങ്ങൾക്കു പിന്നാലെയായിരുന്നു നേതൃത്വത്തിൽ മാറ്റമുണ്ടായത്.

ശനിയാഴ്ച Australian Financial Review-ൽ പ്രസിദ്ധീകരിച്ച ദീർഘമായ ലേഖനത്തിൽ, തന്നെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവത്തെ ജീവിതത്തിലെ “ഏറ്റവും വലിയ ദുരന്തം” എന്നാണ് ലേ വിശേഷിപ്പിച്ചത്. നേതൃത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഫോൺ ഓഫ് ചെയ്ത് താൻ “പുതപ്പിനടിയിൽ ഒളിച്ചുകിടന്നു” എന്നും അവർ പറഞ്ഞു. ഈ സമയത്ത് ബുദ്ധന്റെ വാക്കുകളും ദി ക്ലാഷ് സംഗീതസംഘത്തിലെ ജോ സ്ട്രമ്മറിന്റെ ചിന്തകളും തന്നെ സ്വാധീനിച്ചെന്നും ലേ വ്യക്തമാക്കി. എന്നാൽ അധികം വൈകാതെ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന അമേരിക്കൻ റോഡ് ട്രിപ്പ് നടത്താൻ അവർ തീരുമാനിച്ചു. ലോസ് ആഞ്ചലസിലേക്ക് വൺവേ ടിക്കറ്റ് എടുത്ത ശേഷം നോർത്ത് ഡക്കോട്ടയിലേക്ക് പോയി. അവിടെ നിന്ന് ഗ്രേഹൗണ്ട് ബസിൽ യാത്ര ചെയ്ത് ടെക്സസിന്റെ തെക്കൻ ഭാഗത്തേക്ക് എത്തുകയായിരുന്നു. ഒരു ബാക്ക്പാക്കും ഒരു ജോഡി ബൂട്ടുകളും ഒരു പങ്ക് മ്യൂസിക് പ്ലേലിസ്റ്റുമായിരുന്നു യാത്രയിലെ പ്രധാന കൂട്ടുകാർ എന്നാണ് ലേ പറഞ്ഞത്.

സൗത്ത് ഡക്കോട്ട ഉൾപ്പെടെയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച അവർ സാധാരണ ഹോട്ടലുകളിലാണ് താമസിച്ചത്. വിവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളുമായി നിറഞ്ഞ ഗ്രേഹൗണ്ട് ബസുകളിലായിരുന്നു യാത്രയെന്നും അവർ പറഞ്ഞു. അമേരിക്കൻ അതിർത്തിയിലൂടെ സഞ്ചരിക്കുമ്പോൾ പണം, മയക്കുമരുന്ന്, രേഖകളില്ലാത്ത കുടിയേറ്റക്കാർ എന്നിവയെക്കുറിച്ചും കണ്ടറിഞ്ഞതായി ലേ ലേഖനത്തിൽ പറയുന്നു. ഡൊണാൾഡ് ട്രംപിന്റെ അതിർത്തി മതിൽ കാണാൻ ശ്രമിച്ചെങ്കിലും ചിത്രമെടുക്കാൻ ഒരു ബോർഡർ കൺട്രോൾ ഉദ്യോഗസ്ഥൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.

അമേരിക്കയെക്കുറിച്ചുള്ള തന്റെ പ്രധാന നിരീക്ഷണം രാജ്യം ഒരൊറ്റ രാഷ്ട്രമായി തോന്നുന്നില്ലെന്നതായിരുന്നുവെന്നും ലേ പറഞ്ഞു. “അമേരിക്ക ഒരു രാജ്യമല്ലെന്ന് തോന്നുന്നു. പരസ്പരം സംസാരിക്കാത്ത നിരവധി രാജ്യങ്ങൾ പോലെയാണ്,” എന്നായിരുന്നു അവരുടെ വിലയിരുത്തൽ. യാത്രയ്ക്കിടെ ഇൻഫ്ലുവൻസ എ ബാധിച്ചതിനാൽ ശാരീരികമായി അസ്വസ്ഥയായാണ് മടങ്ങിയെത്തിയതെന്നും അവർ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ചുണ്ടായിരുന്ന നിരാശയിൽ നിന്ന് പുറത്തുകടക്കാൻ ഈ യാത്ര സഹായിച്ചുവെന്നും ലേ പറഞ്ഞു.

തന്നേക്കാൾ വലിയ ബുദ്ധിമുട്ടുകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളുകൾക്കൊപ്പം യാത്ര ചെയ്തതിലൂടെ ലോകത്തെയും അതിലെ തന്റെ സ്ഥാനത്തെയും കൂടുതൽ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT