ബ്രിസ്‌ബേൻ: പുതിയ ഓട്ടോമാറ്റിക് പാർക്കിംഗ് ക്യാമറകളിൽ നിന്ന് രക്ഷപ്പെടാൻ നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് ബ്രിസ്‌ബേനിലെ ഡ്രൈവർമാർ. പ്ലാസ്റ്റിക് ഷീറ്റുകൾ, തുണികൾ, ക്യാമ്പിംഗ് കസേരകൾ എന്നിവ ഉപയോഗിച്ചാണ് പലരും നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത്. മൊബൈൽ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ, ഫുട് പട്രോളിംഗ് ഉദ്യോഗസ്ഥർ, പുതിയ 24/7 സ്റ്റാറ്റിക് ക്യാമറകൾ എന്നിവ വഴി ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ ഈ വർഷം ഇതുവരെ 1,76,494 പിഴ നോട്ടീസുകളിലായി 3.5 കോടിയോളം (34.9 ദശലക്ഷം) ഡോളറാണ് പിഴയായി ഈടാക്കിയത്.
നമ്പർ പ്ലേറ്റ് മറയ്ക്കുന്ന കേസുകളിൽ നേരിട്ട് പിഴ ചുമത്താൻ കൗൺസിലിന് അധികാരമില്ലാത്തതിനാൽ വിഷയം ക്വീൻസ്‌ലൻഡ് പോലീസിന്റെ പരിധിയിലാണ് വരുന്നത്. 20 മീറ്റർ അകലെ നിന്ന് 45 ഡിഗ്രി കോണിൽ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാനാകണം എന്നാണ് നിയമമെന്നും, ഏതെങ്കിലും വസ്തുക്കൾ കൊണ്ട് മറയ്ക്കുകയോ മങ്ങിയതോ ആയ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ക്ലിയർവേകൾ, നോ-സ്റ്റോപ്പിംഗ് സോണുകൾ, ബസ് സോണുകൾ എന്നിവിടങ്ങളിലെ നിയമവിരുദ്ധ പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും പരിശോധനകൾ കർശനമാക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.