ABC News: Giulio Saggin
Queensland

ആരോഗ്യ സംരക്ഷണത്തിന് 5 മില്യൺ ഡോളറിലധികം നിക്ഷേപം;പുതിയ ബജറ്റ് പ്രഖ്യാപനവുമായി ബ്രിസ്‌ബെയ്ൻ കൗൺസിൽ

. നഗരത്തിൽ ഇതിനകം ലഭ്യമായിട്ടുള്ള ആയിരക്കണക്കിന് സൗജന്യവും കുറഞ്ഞ ചിലവിലുള്ളതുമായ ഫിറ്റ്നസ് ക്ലാസുകളെ ഈ കാമ്പെയ്ൻ വഴി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും.

Elizabath Joseph

ബ്രിസ്‌ബെയ്ൻ: നഗരവാസികളുടെ ആരോഗ്യ സംരക്ഷണവും ശാരീരിക ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ പുതിയ ആരോഗ്യ പദ്ധതികളുമായി ബ്രിസ്‌ബെയ്ൻ സിറ്റി കൗൺസിൽ. വരാനിരിക്കുന്ന 2026/2027 വാർഷിക ബജറ്റിൽ 'മൂവ് വെൽ ബ്രിസ്‌ബെയ്ൻ' കാമ്പെയ്‌നായി 5.6 മില്യൺ ഡോളർ (ഏകദേശം 31 കോടിയിലധികം ഇന്ത്യൻ രൂപ) വകയിരുത്തിയതായി കൗൺസിൽ അറിയിച്ചു. കൗൺസിലിന്റെ ജനപ്രിയമായ 'ആക്ടീവ് ആൻഡ് ഹെൽത്തി' പ്രോഗ്രാമിന്റെ അടുത്ത ഘട്ടമായാണ് ഈ പദ്ധതി വരുന്നത്. നഗരത്തിൽ ഇതിനകം ലഭ്യമായിട്ടുള്ള ആയിരക്കണക്കിന് സൗജന്യവും കുറഞ്ഞ ചിലവിലുള്ളതുമായ ഫിറ്റ്നസ് ക്ലാസുകളെ ഈ കാമ്പെയ്ൻ വഴി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും.

കൗൺസിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ മുന്നേറ്റമാണിതെന്ന് ലോർഡ് മേയർ അഡ്രിയാൻ ഷ്രിന്നർ പറഞ്ഞു. ജനങ്ങളുടെ പോക്കറ്റ് ചോരാതെ തന്നെ അവർക്ക് പൂർണ്ണ ആരോഗ്യത്തോടെ നഗരജീവിതം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫിറ്റ്നസ് സെഷനുകളുടെ എണ്ണം ഇരട്ടിയിലധികമായി (20,000 ക്ലാസുകൾ) വർദ്ധിപ്പിക്കും. ഒപ്പം ഈ പരിപാടിയുമായി സഹകരിക്കുന്ന പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങളുടെ എണ്ണം 400 ആയി ഉയർത്തും. നിലവിലുള്ള യോഗ, പൈലേറ്റ്സ്പരിശീലനങ്ങൾക്ക് പുറമെ പോഷകാഹാര ക്ലാസുകളും പാചക പരിശീലനങ്ങളും ഇതിന്റെ ഭാഗമായി പുതുതായി ആരംഭിക്കും.

ജീവിതച്ചിലവ് കുറയ്ക്കാൻ പാചക ക്ലാസുകളും കുറഞ്ഞ പ്രോപ്പർട്ടി നികുതിയും:

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചിലവ് ജനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബജറ്റെന്ന് 'ന്യൂട്രീഷൻ ഓസ്‌ട്രേലിയ ക്വീൻസ്‌ലാന്റ്' ചീഫ് എക്സിക്യൂട്ടീവ് കിർസ്റ്റി എലിയറ്റ് പറഞ്ഞു. കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ രുചികരവും പോഷകഗുണമുള്ളതുമായ ഭക്ഷണം എങ്ങനെ തയ്യാറാക്കാം എന്ന് പഠിപ്പിക്കുന്നതിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് നിയന്ത്രിക്കാൻ ഈ ക്ലാസുകൾ സഹായിക്കും. വരാനിരിക്കുന്ന ബുധനാഴ്ചത്തെ ബജറ്റിൽ ജനങ്ങൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ആശ്വാസം നൽകാൻ കൗൺസിൽ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് മേയർ ഉറപ്പുനൽകി. സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാന്റിലെ മറ്റ് കൗൺസിലുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പ്രോപ്പർട്ടി നികുതി നിരക്കുകൾ മാത്രമായിരിക്കും ബ്രിസ്‌ബെയ്നിൽ ഈ വർഷവും ഈടാക്കുകയെന്നും മേയർ അഡ്രിയാൻ ഷ്രിന്നർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT