ജിയോവന്ന പൗള റാമോസ് മ്യൂച്ചിയോ 
Queensland

ഓസ്ട്രേലിയയിൽ ആക്രമണത്തിൽ പക്ഷാഘാതം; ബ്രസീൽ യുവതി രാജ്യത്ത് തുടരാൻ സഹായം തേടുന്നു

ആശുപത്രിയിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ വിദ്യാർഥി വിസ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിനുള്ള നിയമപരമായ മാർഗം അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

Safvana Jouhar

ഓസ്ട്രേലിയയിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ കൗമാരക്കാരനായ യാത്രക്കാരന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പക്ഷാഘാതം ബാധിച്ച ബ്രസീൽ യുവതി രാജ്യത്ത് തുടരാൻ സർക്കാരിന്റെ സഹായം തേടുന്നു. ആശുപത്രിയിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ വിദ്യാർഥി വിസ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിനുള്ള നിയമപരമായ മാർഗം അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

2016 മുതൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന ജിയോവന്ന പൗള റാമോസ് മ്യൂച്ചിയോയ്ക്ക് 2025 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിൽ സുഷുമ്നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ ശരീരത്തിന്റെ നാല് അവയവങ്ങളുടെയും ചലനശേഷി നഷ്ടപ്പെട്ട് ക്വാഡ്രിപ്ലീജിയ ബാധിച്ചു. അഞ്ച് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അവർ ഇപ്പോൾ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെങ്കിലും വേദനയും ശാരീരിക പരിമിതികളും തുടരുകയാണ്. താൻ വർഷങ്ങളായി കെട്ടിപ്പടുത്ത ജീവിതം മറ്റൊരാൾ നടത്തിയ കുറ്റകൃത്യത്തിന്റെ പേരിൽ നഷ്ടപ്പെടരുതെന്നാണ് യുവതിയുടെ ആവശ്യം. നവംബർ 11-ന് Change.org-ൽ ആരംഭിച്ച 'Desperately Seeking Support to Stay in Australia – Victim of Crime' എന്ന ഓൺലൈൻ ഹർജിയിലൂടെയാണ് അവർ സർക്കാരിന്റെ ഇടപെടൽ തേടിയത്.

എന്താണ് ജിയോവന്നയ്ക്ക് സംഭവിച്ചത്?

2025 സെപ്റ്റംബറിൽ ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ്ഫീൽഡ് കൂമറയ്ക്ക് സമീപം 16-കാരനായ യാത്രക്കാരനെ ഇറക്കിവിടുന്നതിനിടെയാണ് ഇയാൾ ആക്രമിച്ചതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കാൻ ശ്രമിച്ച കൗമാരക്കാരൻ മുഖത്തും കഴുത്തിലും പുറത്തുമായി പത്തുതവണ കുത്തിയെന്നാണ് റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ യുവതി വാഹനത്തിനുള്ളിൽ തളർന്നുവീണു. മണിക്കൂറുകൾക്കുശേഷം അതുവഴിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് അവരെ കണ്ടെത്തി അധികൃതരെ വിവരമറിയിച്ചത്.

ചികിത്സയ്ക്കും തുടർന്നുള്ള പരിചരണത്തിനുമായി യുവതിയുടെ പിതാവും സഹോദരനും വിദേശത്തുനിന്ന് ഓസ്ട്രേലിയയിലെത്തി. വിസയ്ക്കുള്ള പണം കണ്ടെത്താനും രാജ്യത്ത് ഭാവി കെട്ടിപ്പടുക്കാനുമായി ഊബർ ഡ്രൈവറായും ഷെഫായും അവർ ഒരേസമയം ജോലി ചെയ്തിരുന്നു. കുടുംബത്തെ സന്ദർശിക്കാൻ ബ്രസീലിലേക്ക് മടങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ആക്രമണത്തോടെ അതെല്ലാം മാറ്റിവെക്കേണ്ടിവന്നു. യുവതിയുടെ ഹർജി പ്രകാരം കൗമാരക്കാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിൽ കഴിയുന്നതിനിടെ വിസ കാലാവധി അവസാനിച്ചു

ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് ജിയോവന്നയുടെ വിദ്യാർഥി വിസയുടെ കാലാവധി അവസാനിച്ചത്. അഞ്ച് മാസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിസാ സാഹചര്യം തന്റെ നിയന്ത്രണത്തിന് പുറത്തായിരുന്നുവെന്നും അവർ ഹർജിയിൽ വ്യക്തമാക്കി. ആക്രമണത്തിൽ ഇരയാകാനോ അഞ്ച് മാസം ആശുപത്രിയിൽ കഴിയാനോ തന്റെ ജോലിയും സ്വാതന്ത്ര്യവും നഷ്ടപ്പെടാനോ താൻ തീരുമാനിച്ചിരുന്നില്ലെന്ന് അവർ കുറിച്ചു. ബ്രസീലിയൻ മാധ്യമമായ UOL-ന്റെ റിപ്പോർട്ട് പ്രകാരം, നിലവിൽ താൽക്കാലിക കുടിയേറ്റ അനുമതിയിലാണ് ജിയോവന്ന ഓസ്ട്രേലിയയിൽ കഴിയുന്നത്. ഈ അനുമതി 2027 മാർച്ച് 27-ന് അവസാനിക്കും. ആക്രമണത്തെ തുടർന്നുണ്ടായ ശാരീരിക പരിമിതികൾ സ്ഥിരതാമസത്തിനുള്ള മെഡിക്കൽ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ ബാധിക്കുമോയെന്നും അവർ ആശങ്കപ്പെടുന്നു.

'പ്രത്യേക പരിഗണനയല്ല, നീതിപൂർവമായ സമീപനമാണ് വേണ്ടത്'

കുടിയേറ്റ നിയമങ്ങളിൽനിന്ന് പ്രത്യേക ഇളവ് ആവശ്യപ്പെടുന്നില്ലെന്നും തന്റെ അസാധാരണമായ സാഹചര്യങ്ങൾ പരിഗണിച്ച് മനുഷ്യത്വപരമായ തീരുമാനമെടുക്കണമെന്നുമാണ് ജിയോവന്നയുടെ ആവശ്യം. 2016 മുതൽ സ്വന്തം വീടായി കരുതുന്ന ഓസ്ട്രേലിയയിൽ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണ് താൻ തേടുന്നതെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.

SCROLL FOR NEXT