ബാലിക്ക് സമീപമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നുസ പെനിഡയിലെ കെലിംഗ്കിംഗ് ബീച്ചിൽ പാറക്കെട്ടിൽ നിന്ന് ഏകദേശം 80 മീറ്റർ താഴേക്ക് വീണ് ക്വീൻസ്‌ലൻഡ് സ്വദേശിനിയായ പരിസ്ഥിതി ശാസ്ത്രജ്ഞ ബ്രിയാന ക്രോണിൻ മരിച്ചു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് പാറക്കെട്ടിൽ കുടുങ്ങിയ നിലയിൽ ക്രോണിനെ വിനോദസഞ്ചാരികൾ ശ്രദ്ധിച്ചത്. സഹായത്തിനായി ലൈഫ് ഗാർഡിനെ വിവരമറിയിക്കുന്നതിനിടെ ഏകദേശം 80 മീറ്റർ ഉയരമുള്ള പാറയിൽ നിന്ന് താഴെയുള്ള കടൽത്തീരത്തേക്ക് അവർ വീഴുകയായിരുന്നു.
പ്രകൃതിയോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ക്രോണിൻ ജീവിതത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രയിലായിരുന്നു ഇന്തോനേഷ്യയിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്വീൻസ്‌ലൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി യുവതിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജീവിതത്തിലെ ഏറെ പ്രതീക്ഷയുള്ള യാത്രയിൽ സന്തോഷത്തോടെ സമയം ചെലവഴിച്ചിരുന്ന യുവതിയുടെ ജീവൻ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പ് (DFAT) യുവതിയുടെ കുടുംബത്തിന് കോൺസുലർ സഹായം നൽകിവരികയാണ്. ബാലിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുകിഴക്കായാണ് നുസ പെനിഡയിലെ കെലിംഗ്കിംഗ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ടി-റെക്സ് ദിനോസറിന്റെ ആകൃതിയോട് സാമ്യമുള്ള കുത്തനെയുള്ള പാറക്കെട്ടുകളാണ് ഇവിടത്തെ പ്രധാന ആകർഷണം.