(CPL Michael Rogers)
Queensland

ഓസ്ട്രേലിയൻ സൈന്യത്തിന്റെ അപാച്ചെ ഹെലികോപ്റ്റർ ആദ്യമായി രാജ്യത്ത് തത്സമയ വെടിവെപ്പ് പരീക്ഷണം നടത്തി

ക്വീൻസ്ലാൻഡിലെ ടൗൺസ്‌വില്ലിൽ നടന്ന എക്സർസൈസ് പോസം ഗൺസ് എന്ന സൈനിക അഭ്യാസത്തിനിടെയായിരുന്നു പരീക്ഷണം.

Safvana Jouhar

ഓസ്ട്രേലിയൻ സൈന്യം (ADF) രാജ്യത്തിനകത്ത് ആദ്യമായി AH-64E അപാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വിജയകരമായി തത്സമയ വെടിവെപ്പ് പരിശീലനം നടത്തി. ക്വീൻസ്ലാൻഡിലെ ടൗൺസ്‌വില്ലിൽ നടന്ന എക്സർസൈസ് പോസം ഗൺസ് എന്ന സൈനിക അഭ്യാസത്തിനിടെയായിരുന്നു പരീക്ഷണം. പരിശീലനത്തിനിടെ 30 മില്ലീമീറ്റർ ഗൺ, റോക്കറ്റുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ ഉപയോഗിച്ച് സാങ്കൽപ്പിക ലക്ഷ്യങ്ങൾ ആക്രമിച്ചു. അപാച്ചെ ഹെലികോപ്റ്ററുകളുടെ വിവിധ ആയുധ സംവിധാനങ്ങൾ ഇതിലൂടെ പരീക്ഷിച്ചു.

ഓസ്ട്രേലിയൻ ആർമി ഏവിയേഷൻ കമാൻഡർ മേജർ ജനറൽ ഡേവിഡ് ഹാഫ്നർ, ഈ വിജയകരമായ പരിശീലനം സൈന്യത്തിന്റെ ആക്രമണ ഹെലികോപ്റ്റർ ശേഷി ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞു.

പരിശീലനത്തിൽ ഒന്നാം ഏവിയേഷൻ റെജിമെന്റിലെയും 16-ാം ഏവിയേഷൻ സപ്പോർട്ട് ബറ്റാലിയനിലെയും സൈനികർ പങ്കെടുത്തു. ഹെലികോപ്റ്ററുകളിൽ ഇന്ധനം നിറയ്ക്കൽ, ആയുധങ്ങൾ ഘടിപ്പിക്കൽ, വെടിവെപ്പ് സാങ്കേതിക വിദ്യകൾ എന്നിവയിൽ ഇവർ പരിശീലനം നേടി.

അമേരിക്കയിൽ നിന്ന് വാങ്ങുന്ന 29 AH-64E അപാച്ചെ ആക്രമണ ഹെലികോപ്റ്ററുകളിൽ ആദ്യത്തെ ആറ് ഹെലികോപ്റ്ററുകൾ ഇതിനകം ടൗൺസ്‌വില്ലിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. 2029ഓടെ എല്ലാ 29 ഹെലികോപ്റ്ററുകളും ഓസ്ട്രേലിയക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. 2026 ദേശീയ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ദീർഘദൂര ആക്രമണ ശേഷിയും തീരപ്രദേശങ്ങളിലെ സൈനിക നീക്കങ്ങളും ശക്തിപ്പെടുത്തുന്നതിൽ അപാച്ചെ ഹെലികോപ്റ്ററുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഇവ നിരീക്ഷണം, ആശയവിനിമയം, ആക്രമണ പിന്തുണ, കൃത്യമായ വ്യോമാക്രമണം എന്നിവയ്ക്കും ഉപയോഗിക്കും.

SCROLL FOR NEXT